ശമ്പള വിതരണം; മുന്നറിയിപ്പുമായി ജീവനക്കാർ, കടമെടുപ്പ് പരിധിയിൽ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന കേരള സർക്കാരിന് തിരിച്ചടിയായി ശമ്പള വിതരണത്തിലെ പ്രതിസന്ധി. ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുകയാണ്. ട്രഷറിയിൽ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണം തുടരുന്നതിന് ഒപ്പം ശമ്പള വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.
ശമ്പള വിതരണം ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്നാണ് കേരള ഗവ. നഴ്‌സസ് യൂണിയൻ സര്‍ക്കാരിന് നൽകിയ മുന്നറിയിപ്പ്. വിഷയത്തിൽ സ്‌പീക്കർ ഇടപെടണമെന്നും അതല്ലെങ്കിൽ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്നും നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രശ്‌നത്തിന് എന്ന് മുതൽ പരിഹാരമാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

അതേസമയം, കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ നൽകിയ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്‌ത് കേരളം സമർപ്പിച്ച ഹർജിയാണ് ഇന്ന് പരമോന്നത കോടി പരിഗണിക്കുന്നത്. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അടിയന്തിരമായി 26000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് സംസ്ഥാനം ഹർജിയുടെ ആവശ്യപ്പെടുന്നത്. ഹർജി പിൻവലിച്ചാൽ അടിയന്തിരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശം കേരളം നേരത്തെ തള്ളിയിരുന്നു. മുൻപ് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും കേരളവും തമ്മിൽ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും പ്രശ്‌ന പരിഹാരമായിരുന്നില്ല.
നേരത്തെ സർക്കാർ ജീവനക്കാർക്ക് മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴും പല വകുപ്പുകളിലും ശമ്പളം പൂർണമായി എത്തിയിട്ടില്ല. ഒരുദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് ശമ്പളം നൽകുന്നത്. മുടങ്ങിയ ശമ്പളം കൊടുത്ത് തീർക്കുന്നതിന് മൂന്ന് ദിവസം സമയം എടുക്കും.
ഇതിന് പുറമെ ട്രഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി. നിയന്ത്രണങ്ങളോടെയാണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. ആദ്യ ദിവസം ശമ്പളം മുടങ്ങിയത് സാങ്കേതിക പ്രശ്‌നമാണെന്ന് പ്രവർത്തിച്ചിരുന്ന ധനവകുപ്പ് ഇപ്പോഴത്തെ നിയന്ത്രണം, പണം ലഭ്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അംഗീകരിക്കുന്നുണ്ട്.












Click it and Unblock the Notifications