വാക്സിനേഷനിൽ നേട്ടം കുറിച്ച് കേരളം, സംസ്ഥാനത്തെ 2 കോടിയിലധികം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി
തിരുവനന്തപുരം: കൊവിഡ് പ്രതിദിന കേസുകൾ ഉയരുന്നതിനിടെ വാക്സിനേഷനിൽ പുതിയ നേട്ടം കൊയ്ത് കേരളം. സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 2,00,04,196 പേർക്കാണ് കേരളത്തിൽ ഇതുവരെ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകിയിരിക്കുന്നത്. കോവിഡിനെതിരായി സംസ്ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഇത് ഏറെ ആശ്വാസകരമാണ് എന്ന് വീണാ ജോർജ് പറഞ്ഞു.
ഇന്നും ഇന്നലെയുമായി സംസ്ഥാനത്ത് മുപ്പതിനായിരത്തിന് മുകളിലാണ് കൊവിഡ് പ്രതിദിന കേസുകൾ. ഇന്ന് 30,077 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1,66,397 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. 162 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,134 ആയി. ചികിത്സയിലായിരുന്ന 18,997 പേര്‍ രോഗമുക്തി നേടി.ഇതോടെ 1,81,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഓണത്തിന് ശേഷമാണ് കൊവിഡ് രോഗികളുടെ എണ്ണം വളരെ അധികം കൂടിയിരിക്കുന്നത്. ഇത് സംസ്ഥാനത്തിന് ആശങ്ക ആയിരിക്കുകയാണ്. വേഗത്തിൽ സംസ്ഥാനത്തെ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. പരമാവധി പേര്‍ക്ക് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമം. സെപ്റ്റംബര്‍ മാസത്തില്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
മക്കൾക്കൊപ്പം ചിരിയോടെ ദിലീപ്, മഞ്ജുവിനെ ഓർമ്മപ്പെടുത്തി സോഷ്യൽ മീഡിയ, ചിത്രങ്ങൾ

സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഇതുവരെ 54,07,847 ഡോസ് വാക്‌സിനാണ് വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ നല്‍കാന്‍ സാധിച്ചത്. രണ്ട് തവണ 5 ലക്ഷത്തിലധികം പേര്‍ക്കും മൂന്ന് തവണ 4 ലക്ഷത്തിലധികം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
56.51 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 20.48 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 69.70 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 25.26 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. മാത്രമല്ല രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.
സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,41,75,570 ഡോസ് സ്ത്രീകള്‍ക്കും, 1,30,72,847 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 93,89,283 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 89,98,496 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 88,66,476 ഡോസുമാണ് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 2,47,451 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,158 സര്‍ക്കാര്‍ കേന്ദ്രങ്ങളും 378 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1,536 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
Recommended Video
സംസ്ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500, എറണാകുളം 1,83,000, കോഴിക്കോട് 1,24,500 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 30,500, എറണാകുളം 35,450, കോഴിക്കോട് 1,24,120 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണെത്തിയത് എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications