സംസ്ഥാനത്ത് പ്രത്യേകതരം ച്യുയിംഗം നിരോധിച്ചു
കോട്ടയം: വിദ്യാര്‍ഥികളെയും യുവാക്കളെയും ആകര്‍ഷിക്കാനായി നിക്കോട്ടിന്‍ ചേര്‍ത്ത ച്യുയിംഗം വില്‍ക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ച്യുയിംഗം സംസ്ഥാന ആരോഗ്യവകുപ്പ് നിരോധിച്ചു. പുകവലി നിര്‍ത്താനായി ഡോക്ടര്‍മാര്‍ നേരത്തെ ഇത്തരം ച്യുയിംഗം നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു. ഇവ ഇനിമുതല്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ.
സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ തിരുവനന്തപുരത്തെയും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ റഫറല്‍ ലബോറട്ടറിയുടെയും റിപ്പോര്‍ട്ട് ആണ് നിരോധനത്തിന് ആധാരമാക്കിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ ഒരു തരത്തിലും ഇത്തരം ച്യുയിംഗങ്ങള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സ്‌കൂള്‍ പരിസരത്തെ മയക്കുമരുന്നു വില്‍പനയ്‌ക്കെതിരെ രഹസ്യ നിരീക്ഷണം നടത്തിയ പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് ഇത്തരം ച്യുയിംഗങ്ങള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2012 മുതല്‍ പാന്‍മസാലയും ഗുഡ്ക്കയും സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്.
അതേസമയം, ഇത്തരം ലഹരിവസ്തുക്കള്‍ നിരോധിക്കുമ്പോഴും വന്‍ തോതില്‍ കള്ളക്കടത്തു നടത്തി ആവശ്യക്കാരില്‍ ഇവ എത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. പോലീസ് പരിശോധന കുറഞ്ഞതും പാന്‍ മസാലകളുടെ കള്ളക്കടത്തിന് ഇടയാക്കിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് വര്‍ധിച്ചതോടെയാണ് പാന്‍മസാലയുടെ ഉപയോഗവും ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications