കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവില്ല; വാക്‌സിനെടുക്കാത്തവര്‍ക്കെതിരെ നടപടി, സൗജന്യ ചികില്‍സയില്ല
തിരുവനന്തപുരം: കാരണമില്ലാത്ത കൊവഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍. ഇത്തരക്കാര്‍ കൊവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖ കയ്യില്‍ കരുതണം. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സൗജന്യ ചികില്‍സയും നല്‍കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും ഈ നിര്‍ദേശം ബാധകമാണ്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഇളവ് നല്‍കും. ഡിസംബര്‍ 15ന് രണ്ടാംഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ ഇളവ് നല്‍കില്ല. കൊവിഡിന്റെ വകഭേദമായ ഒമൈക്രോണ്‍ പല രാജ്യങ്ങളിലും ഭീതി വിതച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഒരു കാരണവുമില്ലാതെ വാക്‌സിന്‍ എടുക്കാത്തവര്‍ക്കാണ് സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികില്‍സ നിര്‍ത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ചികില്‍സാ രേഖകള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് മുമ്പാകെ ഹാജരാക്കണം. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്വന്തം ചെലവില്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തുകയും നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണമെന്നും യോഗത്തില്‍ തീരുമാനമായി.
വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നു. വാക്‌സിന്‍ എടുക്കാത്തവരുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ ക്യാമ്പസില്‍ പ്രവേശിക്കരുത് എന്നാണ് മാര്‍ഗരേഖ. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ ആരോഗ്യ സമിതിയുടെ റിപ്പോര്‍ട്ട് വങ്ങണമെന്നും മന്ത്രി പറഞ്ഞു. 5000ത്തോളം അധ്യാപകരാണ് വാക്‌സിന്‍ എടുക്കാത്തത് എന്നാണ് സര്‍ക്കാര്‍ കണക്ക്.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. അനുകൂലിച്ചും എതിര്‍ത്തും അധ്യാപക സംഘടനകള്‍ രംഗത്തുവന്നു. കെഎസ്ടിഎ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നില്‍ക്കും. വാക്‌സിനെടുക്കാത്തവരുടെ പട്ടിക പുറത്തുവിടട്ടെ എന്നാണ് കെപിഎസ്ടിഎയുടെ നിലപാട്. വിദ്യാഭ്യാസ മന്ത്രിയുടെ കണക്കില്‍ ലീഗ് അധ്യാപക സംഘടന സംശയം പ്രകടിപ്പിച്ചു.
അതേസമയം, കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി.












Click it and Unblock the Notifications