ഗവർണറുടെ സുരക്ഷ; സിആർപിഎഫിന്റെ ചെലവ് ആര് വഹിക്കും..? സംസ്ഥാനത്തിന് ഇതുവരെ ഉത്തരവ് കൈമാറിയില്ല
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷക്കായി എത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. കേന്ദ്രമോ സംസ്ഥാനമോ ചെലവ് വഹിക്കേണ്ടത് എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.
ഗവര്‍ണർക്ക് അധിക സുരക്ഷ വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രമാണ് ഇവരെ നിയോഗിച്ചത്. ഇക്കാരണത്താൽ തന്നെ ഇതിനായി കേന്ദ്രം തന്നെ പണം ചെലവഴിക്കട്ടെ എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച കത്ത് നൽകുമ്പോഴേ വിഷയത്തിൽ വ്യക്തത വരൂ.

ഒരുപക്ഷേ സംസ്ഥാനം ചെലവ് വഹിക്കണം എന്ന് നിർദ്ദേശം വരികയാണെങ്കിൽ രാജ്ഭവന് സംസ്ഥാനം നൽകുന്ന ഫണ്ടിൽ നിന്ന് ഇതിനുള്ള പണം വകയിരുത്താനായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെടുക. ഇതിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും എടുക്കുക. നിലമേൽ സംഭവത്തേയും സുരക്ഷാവീഴ്‌ചയേയും കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു. ഇത് വേഗത്തിൽ നൽകാനാണ് ചീഫ് സെക്രട്ടറി ശ്രമിക്കുന്നത്.
കേന്ദ്ര സേനയെ ഗവർണരുടെ സുരക്ഷ ഏൽപ്പിക്കുന്നത് മുതൽ ഔദ്യോഗിക ചെലവുകൾ വരെ എല്ലാ കാര്യത്തിലും സംസ്ഥാന സർക്കാരുമായി ആലോചിച്ചേ രാജ്ഭവന് മുന്നോട്ട് പോകാനാവൂ. ഇത് തന്നെയാണ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് മേൽക്കൈ നൽകുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഏതായാലും വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.
അതേസമയം, ഗവർണറുടെയും രാജ്ഭവന്റേയും സുരക്ഷ സിആര്‍പിഎഫിന് കൈമാറിയിട്ടും സംസ്ഥാനത്തെ ഇക്കാര്യം കേന്ദ്രവും രാജ്ഭവനും അറിയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പള്ളിപ്പുറം ക്യാംപിൽ നിന്നുള്ള 17 അംഗ സിആര്‍പിഎഫ് സംഘം രാജ്ഭവനിൽ എത്തിയിട്ടുണ്ട്. എന്നാൽ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ഇതുവരെ സംസ്ഥാന സർക്കാരിനോ പോലീസിനോ ലഭിച്ചിട്ടില്ല.
ഇതോടെ സുരക്ഷ ഒരുക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്ത് സുരക്ഷയാണ് കേന്ദ്രം ഒരുക്കുന്നത് , സംസ്ഥാന പോലീസിന്റെ ചുമതല എന്താണ് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിൽ പോലീസ് തുടരുന്ന സുരക്ഷഇതുവരെ പിൻവലിച്ചിട്ടില്ല. നാളെയോടെ കൂടുതൽ സിആര്‍പിഎഫ് സംഘം രാജ്ഭവനിൽ എത്തിയേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications