സിഎഎ വിജ്ഞാപനം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്
കൊച്ചി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. നിയമ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭ തീരുമാനിച്ചതായും രാജീവ് മാധ്യമങ്ങളെ അറിയിച്ചു. ഭരണഘടനാവിരുദ്ധമായ നിയമമാണ് സിഎഎ. ഇന്ത്യയില്‍ ആദ്യമായി അതിനെതിരെ പ്രമേയം പാസാക്കിയത് കേരളമാണ്.
നേരത്തെ തന്നെ പൗരത്വ നിയമം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് കേരളം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോള്‍ ചട്ടങ്ങള്‍ വിജ്ഞാപനമായതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി തുടര്‍ന്ന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിയമം അടിയന്തരമായി നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. എജി ഡല്‍ഹിയിലുണ്ട്. എത്രയും പെട്ടെന്ന് ഹര്‍ജി നല്‍കാന്‍ ആവശ്യപ്പെടുമെന്നും രാജീവ് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയും സിഎഎയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
നിലവില്‍ പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയോടൊപ്പമാണ് പുതിയ ഹര്‍ജിയും നല്‍കുന്നത്. കഴിഞ്ഞ ദിവസം ചടങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗും, ചട്ടം മരവിപ്പിക്കണമെന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതേ വിഷയത്തില്‍ 250ല്‍ അധികം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications