സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി;കേസുകൾ നിലനിൽക്കുമെന്ന് കോടതി
എറണാകുളം: യുവതിക്കെതിരെ വിഡിയോ ബ്ലോഗിൽ മോശം പരാമർശം നടത്തിയ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചതിനെതിരായി എടുത്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും സൂരജ് ഒളിവിൽ പോയിരിക്കുകയാണ്. തുടർന്നു നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മോശം പരാമർശം നടത്തുന്നത് കുറ്റകരമാണെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി നടപടി. സൂരജിനെതിരെ പട്ടികജാതി പട്ടികവർഗ വകുപ്പുകൾ പ്രകാരം ചുമത്തിയ കേസുകൾ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമർശം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് സൂരജ് പാലാക്കാരനെതിരെ കേസെടുത്തത്. പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

ഡിജിറ്റൽ മാധ്യമങ്ങൾ വഴി മോശം പരാമർശങ്ങൾ നടത്തുന്നത് കുറ്റകരമെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യം തള്ളിയത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പരാമർശം അധിക്ഷേപകരമായി തോന്നിയാൽ ഇരകൾക്ക് നിയമപരമായി നേരിടാമെന്നും കോടതി വ്യക്തമാക്കി.ഡിജിറ്റൽ മാധ്യമങ്ങളും പൊതുഇടങ്ങളാണെന്ന് ഉത്തരവിലുണ്ട്. പ്രതിക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള കുറ്റം ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നാണ് കോടതി നിലപാടെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ജാതിപ്പേര് വിളിച്ചതിന് എസ്‍സി-എസ്‍ടി അട്രോസിറ്റി ആക്ടും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സൂരജിനെതിരെ കേസെടുത്തിട്ടുള്ളത്. ക്രൈം പത്രാധിപർ ടി.പി.നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ അവതരിപ്പിക്കുകയായിരുന്നു സൂരജ് പാലാക്കാരൻ. ആരോഗ്യമന്ത്രി വീണ ജോർജിന്റെ വ്യാജ അശ്ലീല വിഡിയോ നിർമിക്കാൻ നിർബന്ധിച്ചെന്നും തയാറാകാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് യുവതി നൽകിയ പരാതിയിൽ അറസ്റ്റിലായ നന്ദകുമാറിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. പുറത്തിറങ്ങിയ നന്ദകുമാർ നടത്തിയ പരാമർശങ്ങള്‍ക്കെതിരെയും യുവതി രംഗത്തുവന്നിരുന്നു.
ക്യൂട്ട് സുന്ദരിയായി ശിവാനി; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, പുത്തൻ ചിത്രങ്ങൾ കാണാം.












Click it and Unblock the Notifications