പിസി ജോര്‍ജിന് വീണ്ടും കുരുക്ക്; ഹൈക്കോടതി ഇടപെടല്‍... ജാമ്യം റദ്ദാക്കിയാല്‍ വീണ്ടും ജയില്‍
കൊച്ചി: പിസി ജോര്‍ജിന് ജാമ്യം നല്‍കിയതിനെതിരെ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പീഡനശ്രമ കേസിലെ പരാതിക്കാരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പിസി ജോര്‍ജിന് കോടതി നോട്ടീസ് അയച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പിസി ജോര്‍ജിന് ജാമ്യം നല്‍കിയത് എന്നായിരുന്നു പരാതിക്കാരിയുടെ വാദം. മാത്രമല്ല, നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്നും പരാതിക്കാരി പറയുന്നു. വിശദമായ വാദം കേട്ട ശേഷമാകും ഹൈക്കോടതി തീരുമാനം. പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയാല്‍ അദ്ദേഹത്തിന് കുരുക്ക് മുറുകും.

Recommended Video
കഴിഞ്ഞ ഫെബ്രുവരി 10ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പിസി ജോര്‍ജിനെതിരായ പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം പിസി ജോര്‍ജിനെ പീഡനശ്രമക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് വൈകീട്ട് തന്നെ പിസി ജോര്‍ജിന് തിരുവനന്തപുരം കോടതി ജാമ്യം നല്‍കി. ഇതിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഈ ഹര്‍ജി ഹൈക്കോടതി അടുത്താഴ്ച പരിഗണിക്കും.
അതേസമയം, ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയും പരാതിക്കാരി രംഗത്തുവന്നിട്ടുണ്ട്. പിസി ജോര്‍ജിന് ജാമ്യം കിട്ടാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണ് പരാതി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. നിയമസംവിധാനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നു. പിസി ജോര്‍ജിന് ജാമ്യം നല്‍കിയ കോടതി നടപടിയെ അഭിനന്ദിച്ച് കെമാല്‍ പാഷ പ്രതികരിച്ചിരുന്നു. ഈ കേസില്‍ ചില സംശയങ്ങളും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരി കെമാല്‍ പാഷക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.
ദിവസങ്ങള്‍ക്കകം നിരവധി കേസുകളിലാണ് പിസി ജോര്‍ജ് പ്രതിയായിരിക്കുന്നത്. തിരുവനന്തപുരത്ത് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ സംഭവത്തിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ പ്രസംഗത്തിന് എറണാകുളത്തും പിന്നീട് കേസെടുത്തു. സ്വപ്‌നയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെടി ജലീല്‍ നല്‍കിയ മറ്റൊരു പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമാണ് പീഡന പരാതി വന്നത്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയും പിസി ജോര്‍ജിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ വിരോധമാണെന്ന് പിസി ജോര്‍ജ് ആരോപിക്കുന്നു.












Click it and Unblock the Notifications