ഫേസ്ബുക്ക് കമന്റിനെ തുടർന്ന് അക്രമം; ക്രിമിനലുകളുടെ സ്വന്തം നാടായി കേരളം മാറുന്നു: പത്മജ വേണുഗോപാല്‍
തിരുവനന്തപുരം: ഫേസ്ബുക്കിലെ കമന്റിനെ തുടർന്ന് തൊടുപുഴയില് മധ്യവയസ്കനെ മർദ്ദിച്ച സി പി എം നടപടിയില്‍ വിമർശനം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. സി പി എം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർത്തവെന്നാണ് പത്മജ വേണുഗോപാല്‍ വിമർശിക്കുന്നത്. കേരളത്തിൽ ഉടനീളം ഗുണ്ടകൾ സാധാരണ ജനങ്ങളെ വെട്ടി നുറുക്കിയപ്പോൾ കണ്ടില്ലെന്ന് നടിച്ചു.കല്യാണത്തിന് പോലും ഭയമില്ലാതെ പങ്കെടുക്കാൻ പറ്റാത്ത അവസ്ഥയിൽ സംസ്ഥാനത്തെ കൊണ്ടെത്തിച്ചു. ഒരായിരം അമ്മമാരുടെ മക്കളെ കുരുതി കൊടുത്തു. തലസ്ഥാന നഗരത്തെ ക്രിമിനൽ സിറ്റി എന്ന് ജനങ്ങളെക്കൊണ്ട് വിളിപ്പിച്ചു. പ്രസ്ഥാനത്തിന്റെ ശക്തി ഉപയോഗിച്ച് പാവപ്പെട്ടവന്റെ വരുമാന മാർഗമായ ചെറുകിട സ്ഥാപനങ്ങൾ പൂട്ടിച്ചുവെന്നും പത്മജ വിമർശിക്കുന്നു.

ഫേസ്ബുക്കിൽ അഭിപ്രായ പ്രകടനം നടത്തി എന്ന കാരണത്താൽ കരിമണ്ണൂരില്‍ ഒരു മധ്യവയസ്കന്റെ കൈയ്യും കാലും തല്ലി ഒടിച്ചു. ഇടത് സർക്കാരിന്റെ തുടർഭരണം അവസാനിക്കുമ്പോൾ കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന ലേബലിൽ നിന്നും ക്രിമിനലുകളുടെ സ്വന്തം നാടായി തരം താഴ്ത്തപ്പെടുന്ന സാഹചര്യമാണ് കണ്ടുവരുന്നത്. വീടിന് പുറത്തിറങ്ങുന്ന ഓരോ സാധാരണക്കാരന്റെയും ഉള്ളിലെ ഭയമാണ് പിണറായി സർക്കാരിന്റെ ഏറ്റവും വലിയ പരാജയമെന്നും കോണ്‍ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം, ജോസഫിനെതിരായ മർദ്ദനത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ഡി സി സിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫേസ്ബുക്ക് കമന്റിട്ടതിന്റെ പേരിൽ ഒരു പാവം മനുഷ്യന്റെ കയ്യും കാലും കമ്പിവടിക്ക് തല്ലിയൊടിക്കുയെന്നത് എത്ര നീചമായ രീതിയാണ്. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിൽ ഇതല്ല ഇതിലും വലുത് സംഭവിക്കുമെന്നാണ് ഡി സി സി പ്രസിഡന്റ് സിപി മാത്യു വിമർശിക്കുന്നത്.
മനസാക്ഷിയെ മരവിപ്പിക്കുന്ന സി പി എം കാട്ടാളത്തം താളം തെറ്റിയ ആഭ്യന്തര ഭരണത്തിന്റെ നേർസാക്ഷ്യം. സി പി എം കരിമണ്ണൂർ ഏരിയ സെക്രട്ടറി പി പി സുമേഷെന്ന ദിവ്യനെതിരെ ഫേസ്ബുക്കിൽ ഒരു കമന്റിട്ടെന്ന നിസ്സാര കാരണമാണ് ചായക്കടത്തൊഴിലാളി ജോസഫിനെ ഡി വൈ എഫ് ഐ ഗുണ്ടകൾ ക്രൂരമായി മർദ്ദിച്ചത്. വധശ്രമമുൾപ്പടെ ജാമ്യരഹിത വകുപ്പുകൾ ചുമത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കേണ്ട പോലീസ് നോക്ക് കുത്തിയാവുകയാണെന്നും ഡി സി സി പ്രസിഡന്റ് സി പി മാത്യൂ ആരോപിച്ചു.












Click it and Unblock the Notifications