കണക്കിന്റെ കളിയിൽ ബിജെപി തോറ്റു? സീറ്റ് എണ്ണത്തിൽ ലീഗിനും പിന്നിൽ; സിപിഎം കോൺഗ്രസിന്റെ തൊട്ടടുത്ത്!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. കഴിഞ്ഞ രണ്ട് തവണയായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിന് ഇതൊരു ക്ഷീണം തന്നെയാണ്. മറുവശത്ത് കേരള രാഷ്ട്രീയത്തിൽ മാറ്റിനിർത്താൻ കഴിയാത്ത ശക്തിയായി വളരാനുള്ള ബിജെപിയുടെ ശ്രമങ്ങളിൽ പുരോഗതി ഉണ്ടെന്ന് അവർ തന്നെ അവകാശപ്പെടുകയും ചെയ്യുന്നു.
തിരഞ്ഞെടുപ്പിന്റെ സമ്പൂർണ ഫലം വന്നതോടെയാണ് വ്യക്തമായ ചിത്രം തെളിയുന്നത്. പ്രത്യക്ഷത്തിൽ ഇക്കുറി ബിജെപി നേട്ടമുണ്ടാക്കി എന്ന് തോന്നുന്നെങ്കിലും ചില നഷ്‌ടങ്ങളും അവരെ തേടിയെത്തി. അതിൽ പ്രധാനമായിരുന്നു പാലക്കാട്, പന്തളം മുനിസിപ്പാലിറ്റികളിൽ നേരിടേണ്ടി വന്ന തിരിച്ചടി. പാലക്കാട് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഭരണം നേടാനുള്ള ഭൂരിപക്ഷം അവർക്ക് ഇത്തവണ കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് പ്രശ്‌നം.

ഇതിലുമൊക്കെ ഉപരി ബിജെപി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുക സംസ്ഥാനത്ത് നിലവിലെ ബിജെപി വിജയിച്ച വാർഡുകളുടെ എണ്ണമാണ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ മലർത്തിയടിക്കാൻ മൂന്നാം ബദൽ എന്ന പേരിൽ തിരഞ്ഞെടുപ്പിനെ നേരിട്ട, ഏറ്റവും കൂടുതൽ വാർഡുകളിൽ മത്സരിച്ച ബിജെപിക്ക് പക്ഷേ അതിനൊത്ത നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
സീറ്റുകളുടെ എണ്ണത്തിൽ ബിജെപി ലീഗിനും പിന്നിൽ
പതിവ് തെറ്റിച്ച് കൊണ്ട് ഇത്തവണ സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ സീറ്റുകളുടെ എണ്ണത്തിൽ കോൺഗ്രസാണ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസാണ്. ആകെ 7816 വാർഡുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എങ്കിലും സംസ്ഥാനത്ത് തിരിച്ചടി നേരിട്ടുവെന്ന് കരുതുന്ന സിപിഎം ഒട്ടും പിന്നിലല്ല. സിപിഎം 7454 സീറ്റുകള്‍ നേടി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറി.
ഈ പട്ടികയിൽ ബിജെപി മൂന്നാമതാണെന്ന് കരുതുന്നവർക്ക് തെറ്റി. അവിടെയാണ് ട്വിസ്‌റ്റ് ഒളിഞ്ഞിരിക്കുന്നത്. സംസ്ഥാനത്ത് സീറ്റുകളുടെ എണ്ണത്തിൽ മൂന്നാമത് ഉള്ളത് മുസ്‌ലീം ലീഗാണ്. അവർക്ക് പിന്നിലാണ് ബിജെപി. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ മൂന്നാമത്തെ പാര്‍ട്ടിയായ മുസ്‌ലിം ലീഗ് 2844 സീറ്റുകള്‍ നേടി ചരിത്ര നേട്ടമാണ് ഇത്തവണ ഉണ്ടാക്കിയത്. പട്ടികയിൽ നാലാം സ്ഥാനത്താണ് ബിജെപി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 1913 വാർഡുകളാണ് നേടാന്‍ സാധിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 19,500 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി ഇത്തവണ താമര ചിഹ്നത്തില്‍ മത്സരിപ്പിച്ചത്. അതായത് കൃത്യമായി പറഞ്ഞാൽ തങ്ങൾ നിർത്തിയതിൽ 10 ശതമാനം സ്ഥാനാർത്ഥികളെ പോലും അവരെ ജയിപ്പിക്കാൻ സാധിച്ചിട്ടില്ല.
ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ രണ്ട് സീറ്റ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ഒന്നിലേക്ക് ചുരുങ്ങി. ഗ്രാമപഞ്ചായത്തില്‍ 1442, ബ്ലോക്ക് പഞ്ചായത്തില്‍ 53, മുന്‍സിപ്പാലിറ്റിയില്‍ 324 സീറ്റ്, കോര്‍പ്പറേഷനില്‍ 93 സീറ്റ് എന്നിങ്ങനെയാണ് ബിജെപിയുടെ ആകെ സീറ്റ് നില. കോര്‍പ്പറേഷനില്‍ മാത്രമാണ് ലീഗിനെക്കാള്‍ ബിജെപിക്ക് സീറ്റുകള്‍ നേടാന്‍ സാധിച്ചിരിക്കുന്നത്.
സിപിഐ നാലാമത്, സിപിഎം പിടിച്ചു നിന്നു
യുഡിഎഫ് തരംഗം ഒന്നാകെ ആഞ്ഞടിച്ചെങ്കിലും ഇക്കുറിയും സീറ്റുകളുടെ എണ്ണത്തിൽ സിപിഎം കട്ടയ്ക്ക് പിടിച്ചുനിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ സകല മേഖലകളിലും കോൺഗ്രസിന് താഴെയായി അവർ മാറി. പട്ടികയിൽ നാലാമത് സിപിഐയാണ്. ശേഷിക്കുന്നവരിൽ ആർജെഡി, കേരള കോൺഗ്രസ് എം, കേരള കോൺഗ്രസ് ബി, ജെഡിയു എന്നിങ്ങനെയുള്ള പാർട്ടികളും നേട്ടമുണ്ടാക്കി.












Click it and Unblock the Notifications