എംവി ശ്രേയാംസ് കുമാറിന്റെ വാർഡ് ബിജെപി പിടിച്ചെടുത്തു; നിലമ്പൂർ മുനിസിപ്പാലിറ്റിയിലും ജയം, മുന്നേറ്റ സൂചനയോ?
വയനാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ അപ്രതീക്ഷിതമായി പല സീറ്റുകളും പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. സംസ്ഥാന നേതൃത്വം അവകാശപ്പെട്ടത് പോലെ മൃഗീയമായ മുന്നേറ്റത്തിന് അടുത്തെങ്ങും ഇല്ലെങ്കിലും യുഡിഎഫ്, എൽഡിഎഫ് കോട്ടകളിൽ പലതും കടപുഴക്കി കൊണ്ടാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ മുന്നേറ്റം എന്നതാണ് ആദ്യ മണിക്കൂറുകളിലെ ശ്രദ്ധേയ കാര്യം.
നിലയിൽ യുഡിഎഫ് ഭരിക്കുന്ന നിലമ്പൂർ മുൻസിപ്പാലിറ്റിയിൽ ബിജെപി സ്ഥാനാർഥി ജയിച്ചു കയറിയിരിക്കുകയാണ്. നിലമ്പൂർ നഗരസഭയിൽ ഒന്നാം ഡിവിഷനിൽ ബിജെപി സ്ഥാനാർഥി എംകെ. വിജയനാരായണനാണ് 19 വോട്ടിന് ജയിച്ചത്. യുഡിഎഫ് ഇക്കുറിയും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് ആദ്യ ഡിവിഷൻ താനെ ബിജെപി ജയിച്ചത്.

അതുപോലെ തന്നെ വയനാട്ടിലും ബിജെപി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. കൽപ്പറ്റ നഗരസഭയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് ബിജെപി ഇപ്പോൾ. പുളിയാർമല വാർഡിൽ ആണ് ബിജെപി സ്ഥാനാർഥി ജയിച്ചത്. എംവി ശ്രേയാംസ് കുമാറിന്റെ വാർഡ് ആണ് ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതോടെ വയനാട്ടിലും അവർ ശക്തി അറിയിച്ചിരിക്കുന്നു. എൽഡിഎഫിലെ പ്രബലനായ ശ്രേയാംസ് കുമാറിന്റെ വാർഡ് തന്നെ കടപുഴകി എന്നതാണ് അവരെ സംബന്ധിച്ചുള്ള നേട്ടം.
കൂടാതെ മറ്റൊരു സീറ്റിൽ കൂടി ബിജെപി കൽപ്പറ്റയിൽ വിജയിച്ചിട്ടുണ്ട് എന്നാണ് ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൈനാട്ടിയിൽ വിഎ ജിതേഷാണ് കൽപ്പറ്റയിൽ ജയിച്ച രണ്ടാമത്തെ ബിജെപി സ്ഥാനാർഥി. വയനാട്ടിൽ ബിജെപിയുടെ സീറ്റുകൾ കൂടി വരുന്നത് ഇടത് വലത് മുന്നണികളെ ഒരുപോലെ അസ്വസ്ഥരാക്കും എന്നുറപ്പാണ്.
മറ്റൊരു ശ്രദ്ധേയമായ വിജയം കൂടി വയനാട്ടിൽ നിന്ന് ബിജെപിയുടേതായി വരുന്നുണ്ട് എന്നത് എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. വയനാട് തിരുനെല്ലി പഞ്ചായത്ത് ഒന്നാം വാർഡിൽ ബിജെപിക്ക് വമ്പൻ വിജയം. ചരിത്രത്തിലാദ്യമായി ഇവിടെ ബിജെപി സ്ഥാനാർഥി വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ എൽഡിഎഫ് 100 ശതമാനം വിജയം നേടിയ പഞ്ചായത്ത് ആണിത്.
തൃശൂർ കോർപ്പറേഷനിൽ ആദ്യ ജയം ബിജെപിക്ക് സ്വന്തമാണ്. ബിജെപി സ്ഥാനാർഥി പി രഘുനാഥ് 300 വോട്ട് ലീഡിന് ജയിച്ചു. തൃശൂരിൽ സുരേഷ് ഗോപി മുതൽ ഖുശ്‌ബു വരെ പ്രചാരണത്തിന് ഇറങ്ങിയ ബിജെപി ക്യാമ്പ് തികഞ്ഞ പ്രതീക്ഷയിലാണ്. നിലവിൽ എൽഡിഎഫിന് ഒപ്പമാണ് കോർപ്പറേഷൻ. എങ്കിലും മേയർ കെഎം വർഗീസ് ഇടതുമായി ചേർച്ചയിൽ അല്ലെന്നത് മുതലെടുക്കാൻ സാധിക്കുമെന്നാണ് ബിജെപി പ്രതീക്ഷ.












Click it and Unblock the Notifications