കേരളത്തിന് മൂന്നാം വന്ദേഭാരത് വരുന്നു; ചുരുങ്ങിയ സമയത്തില്‍ ബെംഗളൂരുവിലെത്താം, വഴി മാറാതിരിക്കട്ടെ
കൊച്ചി: യാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതില്‍ സമീപകാലത്ത് നിലവില്‍ വന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് മുഖ്യപങ്കുണ്ട്. നേരത്തെ ഓടിയെത്തിയിരുന്നതിനേക്കാള്‍ വേഗത്തില്‍ വന്ദേഭാരത് വഴി എത്താന്‍ സാധിക്കുന്നു. എന്നാല്‍ മറ്റു ട്രെയിനുകളില്‍ സഞ്ചരിക്കുന്നവര്‍ക്ക് വന്ദേഭാരത് പലപ്പോഴും പൊല്ലാപ് സൃഷ്ടിക്കാറുണ്ട്. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് തന്നെ കാരണം.
കേരളത്തിന് പുതിയ വന്ദേഭാരത് ട്രെയിന്‍ ലഭിക്കാന്‍ പോകുന്നു എന്നാണ് ഏറ്റവും പുതിയ വിവരം. മൂന്നാമത്തെ വന്ദേഭാരതാണ് വരാന്‍ പോകുന്നത്. കൊല്ലം സ്‌റ്റേഷനില്‍ ഇതിന്റെ റേക്കുകള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ആയിരിക്കും പുതിയ വന്ദേഭാരത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എവിടെ നിന്ന് തുടങ്ങും, എപ്പോള്‍ പുറപ്പെടും, ലക്ഷ്യസ്ഥാനത്ത് എപ്പോഴെത്തും, ഏതൊക്കെ സ്‌റ്റേഷനുകളില്‍ സ്‌റ്റോപുണ്ടാകും, ടിക്കറ്റ് നിരക്ക് എത്ര തുടങ്ങി ഒരുപിടി കാര്യങ്ങള്‍ സംബന്ധിച്ച് ഇനിയും അറിയാനുണ്ട്. റെയില്‍വെ വൈകാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കായിരിക്കും വന്ദേഭാരത്.
ഒമ്പത് മണിക്കൂറിനകം എറണാകുളത്ത് നിന്ന് ബെംഗളൂരുവില്‍ എത്താന്‍ സാധിക്കുന്ന വിധമായിരിക്കും യാത്ര. ബെംഗളൂരുവിലേക്ക് വന്ദേഭാരത് വൈകാതെ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഈ വേളയില്‍ പറഞ്ഞുകേട്ടിരുന്ന സമയം രാവിലെ അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ ബെംഗളൂരുവിലെത്തും എന്നാണ്. ഉച്ചയ്ക്ക് രണ്ടിന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി 10.45ന് എറണാകുളത്ത് എത്തുംവിധമായിരിക്കും ഷെഡ്യൂള്‍ എന്നും കേട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൊട്ടിഘോഷിച്ചുള്ള ഫ്‌ളാഗ് ഓഫ് ഉണ്ടായിരിക്കില്ല എന്നാണ് വിവരം. എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ തൃശൂര്‍, പാലക്കാട്, ഈറോഡ്, സേലം എന്നിവിടങ്ങളിലെ സ്‌റ്റോപുകള്‍ക്ക് ശേഷമാകും ബെംഗളൂരു എത്തുക എന്നാണ് നേരത്തെ പറഞ്ഞുകേട്ട ഷെഡ്യൂള്‍. ഇക്കാര്യത്തില്‍ റെയില്‍വെ ഇനി പുതിയ വിവരങ്ങള്‍ പുറത്തുവിടേണ്ടതുണ്ട്.
നിലവില്‍ രണ്ട് വന്ദേഭാരതുകളാണ് കേരളത്തിലൂടെ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോട്ടേക്കും തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും. കോട്ടയം വഴിയാണ് ഒരു ട്രെയിന്‍. മറ്റൊന്ന് ആലപ്പുഴ വഴിയും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് വലിയ ലാഭത്തിലാണ്. മിക്ക യാത്രകളിലും മുഴുവന്‍ സീറ്റുകളില്‍ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തിലാണ് മൂന്നാമത്തെ ട്രെയിന്‍ അനുവദിക്കുന്നത്.
നേരത്തെ കേരളത്തിന് മുന്നാമതൊരു വന്ദേഭാരത് അനുവദിച്ചിരുന്നു. പിന്നീട് തമിഴ്‌നാട്ടിലേക്ക് മാറ്റി. ചെന്നൈ മൈസൂരു റൂട്ടിലാണ് ഈ വന്ദേഭാരത് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. സമാനമായ അവസ്ഥ വരാനിരിക്കുന്ന വന്ദേഭാരതിനും ഉണ്ടാകുമോ എന്ന് പറയാനാകില്ല. കേരളത്തിന് ആദ്യമായി വന്ദേഭാരത് അനുവദിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യാനെത്തിയിരുന്നു. പുതിയ വന്ദേഭാരതിനുള്ള സൗകര്യം ഉറപ്പാക്കാന്‍ എറണാകുളത്തെ യാര്‍ഡില്‍ അറ്റക്കുറ്റപണികള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications