'കേരളം നമ്പർ വൺ, അതാണ് യഥാർത്ഥ കേരള സ്‌റ്റോറി'; ജനാധിപത്യത്തെ സംരക്ഷിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം 2025 ആവുമ്പോഴേക്കും ഒരു കുടുംബം പോലും ദരിദ്രർ അല്ലാത്ത നിലയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒന്നാണത്. അതാണ് യഥാർത്ഥ കേരള സ്‌റ്റോറി. ഇവിടെ ഒരു കേരള സ്‌റ്റോറി മാത്രമേ ഉളളൂ, അത് കേരളം നമ്പർ വൺ എന്ന സ്‌റ്റോറിയാണെന്നും പിണറായി വിജയൻ പ്രഖ്യാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ഉയർന്നുവന്ന കേരള സ്‌റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തോട് പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. അടുത്തിടെ ദൂരദർശനിൽ ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. സിപിഎമ്മും ഇതിനെ ശക്തമായി എതിർത്തിരുന്നു.

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിൽ ജനാധിപത്യം അപകടത്തിലാവുമ്പോൾ ജനങ്ങൾ അതിനെ സംരക്ഷിച്ചേ മതിയാകൂ എന്നായിരുന്നു പിണറായി ചൂണ്ടിക്കാട്ടിയത്. രാജ്യം വലിയ രീതിയിൽ അമിതാധികാരത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും ബിജെപി സർക്കാർ എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് എതിരായാണ് പ്രവർത്തിക്കുന്നതിനും അദ്ദേഹം ആരോപിച്ചു.
ബിജെപിയ്ക്കും കോൺഗ്രസിനും ഒരേ സാമ്പത്തിക നയമാണെന്ന് കുറ്റപ്പെടുത്തിയ പിണറായി കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിൽ പാലിക്കുന്ന മൗനത്തെയും ചോദ്യം ചെയ്‌തു. സിഎഎയെ കുറിച്ച് പ്രകടന പത്രികയിൽ പോലും കോൺഗ്രസ് ഒന്നും പറഞ്ഞില്ലെന്നും ഈ വിഷയത്തിൽ എല്ലാം അവർ ബിജെപിക്ക് ഒപ്പം നിൽക്കുകയാണെന്നും കുറ്റപ്പെടുത്തി.
നേരത്തെ കേരള സ്‌റ്റോറി സംസ്ഥാനത്തെ അപമാനിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് പിണറായി വിജയൻ ആരോപിച്ചിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അതിന് പ്രചാരം കൊടുക്കുന്നതെന്ന പറഞ്ഞ മുഖ്യമന്ത്രി കെണിയിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ആർഎസ്എസ് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള സ്‌റ്റോറിയുമായി ബന്ധപ്പെട്ട അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ല. സംസ്ഥാനത്തെ വിവിധ രൂപതകൾ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് വീണ്ടും ഇത് വാർത്തകളിൽ ഇടം നേടിയത്. ഇതോടെയാണ് മുഖ്യമന്ത്രി ഉൾപ്പെടെ വിഷയത്തിൽ വീണ്ടും മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്.
ഇടുക്കി രൂപതയ്ക്ക് പിന്നാലെ കൂടുതൽ രൂപതകൾ കേരള സ്‌റ്റോറി പ്രദർശിപ്പിക്കും എന്നറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. ആധുനിക കേരളത്തിൽ നടമാടുന്ന പ്രണയ വഞ്ചനകൾ തുറന്നു കാണിക്കുന്ന ചിത്രം എന്തിനാണ് രാഷ്ട്രീയക്കാർ ഭയപ്പെടുന്നതെന്നായിരുന്നു യുവജന വിഭാഗമായ കെസിവൈഎം ചോദിച്ചത്. ഇതിന് പിന്നാലെയാണ് വിവിധ ഇടങ്ങളിൽ പ്രദർശനം സംഘടിപ്പിച്ചതും.












Click it and Unblock the Notifications