25 കോടിയുടെ ഭാഗ്യശാലി ആരാണ്? ഇതുവരെ വിറ്റത് 63 ലക്ഷം ടിക്കറ്റുകൾ, ഓണം ബമ്പർ നറുക്കെടുപ്പ് നാളെ
സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാന തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ. ഭാഗ്യ സമ്മാനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റു തീരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അറുപത്തി ഏഴര ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ച് പുറത്തിറക്കിയിട്ടുള്ളത്.
ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് ഭാഗ്യക്കുറി വകുപ്പ്. അതേസമയം ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് ഓണം ബമ്പറിൽ നടന്നത്.

കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ ഓണം ഭാഗ്യക്കുറിയുടെ 54 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റു പോയത്. മുന്നൂറ് രൂപയായിരുന്നു ടിക്കറ്റിന്റെ വില. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോള്‍ 500 രൂപയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സമ്മാനത്തുക ആദായനികുതി കുറച്ചാണ് കൈമാറുക. അതിനാൽ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാവും ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും നികുതിയും കിഴിച്ചുള്ള തുകയാണിത്.

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപയുടെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 500 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫ്‌സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

നറുക്കെടുപ്പ് നടന്ന് മുതൽ 30 ദിവസത്തിനുള്ളിൽ ഒറിജിനൽ ടിക്കറ്റ്, ബന്ധപ്പെട്ട രേഖകൾ സഹിതം മേൽപറഞ്ഞ ഓഫിസുകളിലേതെങ്കിലും ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കുവാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പിൽ സമർപ്പിക്കേണ്ടി വരും.ഷെയർ ഇട്ടാണ് ലോട്ടറി വാങ്ങുന്നതെങ്കിൽ ഒരാളെ സമ്മാനത്തുക കൈപ്പറ്റുന്നതിനായി ചുമതലപ്പെടുത്തണം

ഇത്തരത്തിൽ ഒരാളെ സമ്മാനം വാങ്ങാനായി ചുമതലപ്പെടുത്തുന്ന കാര്യം 50 രൂപയുടെ മുദ്രപത്രത്തിൽ എഴുതി സാക്ഷ്യപ്പെടുത്തിയത് ലോട്ടറി വകുപ്പിൽ ഹാജരാക്കണം. ഇത്തരത്തിൽ ചുമതലപ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രമായിരിക്കും ലോട്ടറി വകുപ്പിന് സമർപ്പിക്കേണ്ടത്.അല്ലെങ്കിൽ സംയുക്തമായി ബാങ്ക് അക്കൗണ്ട് ആരംഭിച്ച ശേഷം സമ്മാനത്തുക കൈപ്പറ്റാൻ ഒരാളെ ചുമതലപ്പെടുത്താം. അങ്ങനെയെങ്കിൽ ബാങ്ക് അക്കൗണ്ടിൽ പേര് ചേർത്ത എല്ലാവരുടേയും വിശദാംശം ലോട്ടറി വകുപ്പിനെ അറിയിക്കണം.












Click it and Unblock the Notifications