Kerala Piravi Wishes: ദൈവത്തിന്റെ സ്വന്തം നാടിന്റെ ജന്മദിനം; ചരിത്രമുറങ്ങുന്ന മണ്ണ്, നേരാം കേരളപിറവി ആശംസകൾ
എല്ലാവർക്കും അറിയുന്നത് പോലെ നവംബർ ഒന്ന് കേരള പിറവി ദിനമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു പച്ചത്തുരുത്തായി നമ്മുടെ നാട്, ദൈവത്തിന്റെ സ്വന്തം നാട് ഇവിടെ ഉണ്ടായിരുന്നെങ്കിലും കേരളം എന്ന സംസ്ഥാനത്തിന് കീഴിലേക്ക് ഇക്കാണുന്ന പ്രദേശങ്ങൾ എല്ലാം ഒത്തുചേർന്ന് വന്ന ദിനമാണ് ഇത്.
കൃത്യമായി പറഞ്ഞാൽ 1956 നവംബർ 1ന്, മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സംസ്ഥാനമായി കേരളം പിറന്നു. അന്ന് മുതൽ നാം കേരള പിറവി (കേരള രൂപീകരണ ദിനം) ആഘോഷിച്ചു വരുന്നു, പക്ഷേ ഈ ദേശത്തിന്റെ കഥ കലണ്ടറിലെ കേവലമൊരു തീയതിക്കപ്പുറം വലുതാണ്. നമ്മൾ സംസാരിക്കുന്ന ഭാഷയിലും, നമ്മൾ പങ്കിടുന്ന ഭക്ഷണത്തിലും, നമ്മൾ പിന്തുടരുന്ന രീതികളിലും, നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇഴചേർന്ന നിരവധി ചരിത്രങ്ങളിലും മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിൽക്കുന്നു.

പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലാണ് കേരളം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ തുറമുഖങ്ങൾ ലോകത്തിലേക്കുള്ള ജാലകങ്ങൾ തുറന്നു; അങ്ങനെയാണ് ജനങ്ങൾ ലോകത്തെ കണ്ടത്. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള പഴയ വ്യാപാര തെരുവുകളിലൂടെ സഞ്ചരിച്ചാൽ ആ ചരിത്രം ഉറങ്ങുന്നത് കാണാം. അങ്ങനെ നൂറ്റാണ്ടുകളുടെ സ്‌മൃതി പേറി ജീവിക്കുന്ന കേരളത്തിന്റെ പിറന്നാൾ ദിനത്തിൽ പരസ്‌പരം ആശംസകൾ അർപ്പിക്കുന്നത് പതിവാണ്.
നവംബർ ഒന്നിന് നാടെങ്ങും കേരള പിറവി ആഘോഷിക്കുന്ന പതിവുണ്ട്. കേരളത്തനിമയുള്ള വസത്രം ധരിച്ച്, പുരുഷന്മാർ മുണ്ടും ഷർട്ടും സ്ത്രീകൾ സാരിയും ഉടുത്താണ് ഈ ദിനം കൊണ്ടാടാറുള്ളത്. കേരളപ്പിറവിയുടെ ചരിത്രവും പ്രധാന്യവും വിവരിക്കുന്ന പ്രസംഗങ്ങളും ക്വിസ് മത്സരങ്ങളുമൊക്കെ ആയാണ് സ്‌കൂളുകളും ഓഫീസുകളും വായനശാലകളും മഹത്തായ ആ ദിനം ആഘോഷിക്കുന്നത്.
അതുപോലെ തന്നെ കേരളം എന്ന പേരിന്റെ ചരിത്രത്തിന് പറയാനും കഥകൾ ഏറെയുണ്ട്. പ്രാചീനകാലത്ത് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാരുമായി ബന്ധപ്പെടുന്നതാണ് ഒരു വാദം. സഹ്യപര്‍വതത്തിന് പടിഞ്ഞാറുള്ള പ്രദേശത്തെ ചേറളം (ചേറ് + അളം) എന്ന് വിളിച്ചുവെന്നും അത് പിന്നീട് കേരളമായെന്നും ഒരുകൂട്ടർ പറയുമ്പോൾ കേരവൃക്ഷങ്ങള്‍ നിറഞ്ഞ പ്രദേശം ആയതിനാലാണ് കേരളം എന്ന പേരെന്ന വാദവും മറ്റൊരു കൂട്ടർ ഉന്നയിക്കുന്നു.
കേരള പിറവിയുടെ ചരിത്രം
1956ലെ സംസ്ഥാന പുനസംഘടനാനിയമപ്രകാരം തോവാള, അഗസ്‌തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്നു വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. ശേഷിക്കുന്നവയെ മലബാര്‍ ജില്ല, തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കുമായി ചേർത്ത് 1956 നവംബര്‍ 1ന് ഐക്യകേരളം രൂപീകരിക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ കേരളത്തിൽ കേവലം അഞ്ച് ജില്ലകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പലപ്പോഴായി കൂട്ടിച്ചേർത്താണ് പതിനാല് ജില്ലകൾ എന്ന നിലയിലേക്ക് വളർന്നത്. ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി. ബാലറ്റ് പേപ്പറിലൂടെ ലോകത്ത് ആദ്യമായി കമ്മ്യൂണിസ്‌റ്റ് സർക്കാർ അധികാരത്തിൽ എത്തിയതും കേരളത്തിൽ ആയിരുന്നു.
കേരള പിറവി ആശംസകളും സന്ദേശങ്ങളും
മനസിൽ സുഗമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്‌നങ്ങളും ഓർമ്മകളും സമ്മാനിക്കാൻ വീണ്ടും ഒരു കേരളപ്പിറവി കൂടി. എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ
സ്വത്വം വീണ്ടെടുക്കാം....! വീണ്ടെടുക്കാം കേരളത്തെ....! നേരാം കേരളപ്പിറവി ആശംസകൾ
സമാധാനത്തിന്റെയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും കേരളപ്പിറവി ആശംസകൾ
അന്ധവിശ്വാസങ്ങൾക്കും ലഹരിക്കുമെതിരെ ജാഗ്രതയോടെ നില കൊള്ളാം . എല്ലാവർക്കും കേരളപ്പിറവി ആശംസകൾ നേരുന്നു.
ജന്മനാടിന്റെ ജന്മദിനത്തിൽ നല്ല പ്രവർത്തികൾ ചെയ്യാം, കേരളപ്പിറവി ആശംസകൾ

നാടിന്റെ നന്മകളിൽ നമുക്ക് സന്തോഷിക്കാം, ആഹ്ളാദിക്കാം, ഏവർക്കും കേരളപ്പിറവി ആശംസകൾ
കേരളത്തിന്റെ പൈതൃകത്തെ ചോരാതെ മുറുകെ പിടിക്കാം, എല്ലാവർക്കും കേരളപ്പിറവി ആശംസകൾ


Click it and Unblock the Notifications
