മഴ മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ തീവ്ര മഴ, ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കാണ് സാധ്യത.
കൂടാതെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.

കൂടാതെ ഈ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് കൂടി സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ ജാഗ്രതയും കടുപ്പിക്കാനാണ് അധികൃതരുടെ നിർദ്ദേശം.
നാളെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. എന്നാൽ ചൊവ്വാഴ്‌ച വീണ്ടും മഴ കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നാണ് കരുതുന്നത്. അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകൾ നേരത്തെ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇത് അനുസരിച്ച് വിവിധ ജില്ലകളിൽ ഒക്ടോബർ ഒൻപത് വരെ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അതേസമയം, മഴ മുന്നറിയിപ്പിൽ മാറ്റം വന്നതിന് പിന്നലെ കോഴിക്കോട് ജില്ലയിലെ വിവിധ മേഖകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. വടകര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം കനത്ത കാറ്റും വീശുന്നുണ്ട്. കൂടാതെ ഇടിമിന്നലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്തെ മഴ വീണ്ടും സജീവമാക്കാൻ കാരണമാവുന്നത് എന്നാണ് വിലയിരുത്തൽ. ഇതിന് പുറമേ തെക്കു കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തിലെ മഴയെ സ്വാധീനിക്കുന്ന ഘടകമാണ്. അടുത്ത ദിവസങ്ങളിലും മഴയുടെ ശക്തി കുറയില്ലെന്നാണ് മുന്നറിയിപ്പുകൾ പറയുന്നത്.












Click it and Unblock the Notifications