കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; വ്യാഴാഴ്‌ച വരെ തുടരും, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
നാളെയും മറ്റന്നാളും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസവും പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ശ്രീലങ്കയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാത ചുഴിയുടെയും കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ കുറയാതെ നിൽക്കുന്നതെന്നാണ് വിലയിരുത്തൽ.

നിലവിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതായത് 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്ന് അർഥം. ഒപ്പം ഇടിമിന്നൽ ഭീഷണി കൂടി ഉള്ളത് കൊണ്ട് ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം.
ഇന്നും കേരള തീരത്ത് കടലാക്രമണ ഭീഷണിയുണ്ട്. നാളെ രാത്രി 11:30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കടൽതീരങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.
മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിവതും അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശത്തിന് അനുസരിച്ച് മാറി താമസിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. സ്ഥിരം കടലാക്രമണ ഭീഷണി നേരിടുന്ന ഒട്ടേറെ മേഖലകളാണ് കേരള തീരത്തിൽ ഉള്ളത്. ഇവിടങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തുന്നത് നന്നാവും.
കൂടാതെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റ് തന്നെയാണ് ഈ മേഖലകളിൽ വെല്ലുവിളി ഉയർത്തുന്ന കാര്യം. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
അതേസമയം, ഇന്നലെ വൈകീട്ടും കോഴിക്കോട് ജില്ലയിലെ ഉൾപ്പെടെ വിവിധ മേഖലകളിൽ മഴ പെയ്‌തിരുന്നു. ചെറിയ തോതിൽ ഇടിമിന്നലും ഉണ്ടായിരുന്നു. ഇന്നലെ ഒൻപത് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. എന്നാൽ ഇന്നും നാളെയും മലബാറിലെ ജില്ലകളിൽ ഇതുവരെയും മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.












Click it and Unblock the Notifications