കേരളത്തിൽ മഴ തുടരും; അടുത്ത നാല് ദിവസത്തേക്ക് മഴ ശക്തമാകും, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ ഒൻപത് വരെ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത നാല് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകളും കാലാവസ്ഥാ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. അത് പ്രകാരം നാളെയും ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടാണ്.
കൂടാതെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ഇന്നും നാളെയും ഒരിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വാഴ്‌ച ഇടുക്കി ജില്ലയിലും ബുധനാഴ്‌ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ടാവും. ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
അതേസമയം, തമിഴ്‌നാട് തീരത്ത് (കന്യാകുമാരി, തിരുനെൽവേലി) ഇന്ന് (06.10.2024) വൈകുന്നേരം 5.30 മുതൽ 07.10.2024 രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
കൂടാതെ ഇടിമിന്നൽ സാധ്യത ഉള്ളതിനാൽ ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ്. തുറസായ സ്ഥലങ്ങളിൽ തുടരാതിരിക്കുക, വീട്ടിലെ ഉപകാരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക, വീടിനുള്ളിൽ തുടരുക, വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ പരമാവധി അതിൽ തന്നെ തുടരാൻ ശ്രദ്ധിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനാണ് മുന്നറിയിപ്പ്.
ഇതിന് പുറമേ കനത്ത മഴയുടെ സാധ്യത നിലനിൽക്കുന്നതിനാൽ ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ കഴിയുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം ഇടങ്ങളിൽ കഴിയുന്നവർ അധികൃതരുടെ സഹായത്തോടെ മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.












Click it and Unblock the Notifications