കനത്ത മഴ തുടരുന്നു; 2 മരണം, മരങ്ങൾ കടപുഴകി വീണ് വ്യാപക നാശം,മലയോര ജില്ലകളിൽ രാത്രി യാത്ര നിയന്ത്രണം
തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് വ്യാപക നാശം. ഇന്ന് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട,തൃശൂർ എന്നിവിടങ്ങളിലാണ് രണ്ട് പേർ മരിച്ചത്. പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറഞ്ഞായിരുന്നു മരണം.
അടൂർ ജല അതോറിറ്റി ഓഫീസിന് സമീപം
വിനോബാജി നഗറിൽ ഓട്ടോ തോട്ടിലേക്ക് വീണ് തട്ട മിനി ഭവനിൽ ഉണ്ണി കൃഷ്ണ കുറുപ്പ് ആണ് മരിച്ചത്. ശക്തമായ മഴയും തോട് നിറഞ്ഞ് ഒഴുകിയതും കാരണം ഓട്ടോയുടെ അടിയിൽ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിന് രക്ഷപെടാൻ കഴിഞ്ഞില്ല.തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

തൃശ്ശൂരിൽ മീൻപിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വിദ്യാർത്ഥിയാണ് മരിച്ചത്. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു.വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് ചൂണ്ടയിടുന്നതിനിടെയായിരുന്നു അപകടം. സുഹൃത്തക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അതേസമയം വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി നിരവധി വാഹനങ്ങള്‍ തകര്‍ന്നു. മലപ്പുറത്ത് ഒതുക്കുങ്ങൽ മറ്റത്തൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. കാരാട്ടിൽ മുഹമ്മദ് ശരീഫിന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ആർക്കും പരിക്കില്ല.വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയിൽ തെങ്ങ് മറിഞ്ഞു വീണ് ആദിവാസി സ്ത്രീ മരിച്ചു.പല്ലാറോഡ് കുമാരൻ മണിയുടെ ഭാര്യ തങ്കമണിയാണ് മരിച്ചത്.കനത്ത മഴയില്‍ അടിമാലി വാളറയില്‍ വീടിന്‍റെ സരക്ഷണഭിത്തി ഇടിഞ്ഞു. പൊടിപാറ പുത്തന്‍പുരക്കല്‍ മാത്യുവിന്‍റെ വീടിന്‍റെ സരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. മൂവാറ്റുപുഴ കോടതി വളപ്പില്‍ പാർക്ക് ചെയ്ത കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ആലപ്പുഴയില്‍ മാത്രം മഴയിൽ 42 വീടുകള്‍ തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് മന്ത്രി കെ രാജൻ നിർദ്ദശിച്ചു.
അതിനിടെ മലയോര മേഖലകളിലും കനത്ത ജാഗ്രത തുടരുകയാണ്. കണ്ണൂരില്‍ രാത്രിയില്‍ മലയോര മേഖലയിൽ രാത്രി യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴാം തീയതിവരെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിർദ്ദേശം ഉണ്ട്. വയനാട്ടിലും ഇടുക്കിയിലും മലയോര മേഖലയിൽ രാത്രിയാത്ര ഒഴിവാക്കാൻ നിർദ്ദേശമുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് അവധി. മഴ കണക്കിലെടുത്ത് ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.കൺട്രോൾ റൂം നമ്പറുകൾ ചുവടെ
തിരുവനന്തപുരം - 0471-2730067, 9497711281
കൊല്ലം- 0474-2794002, 9447677800
പത്തനംതിട്ട - 0468-2322515, 8078808915
ആലപ്പുഴ - 0477-2238630, 9495003640
കോട്ടയം - 0481-2565400, 9446562236
ഇടുക്കി- 0486-2233111, 9383463036
എറണാകുളം- 0484-2423513, 9400021077
തൃശ്ശൂർ - 0487-2362424, 9447074424
പാലക്കാട് - 0491-2505309, 8921994727
മലപ്പുറം - 0483-2736320, 9383464212
കോഴിക്കോട് - 0495-2373902,
0495-2371002, 9446538900
വയനാട്- 8078409770
കണ്ണൂർ- 0497-2700645, 9446682300
കാസർഗോഡ്- 0499-4257700, 9446601700












Click it and Unblock the Notifications