പുതിയ ന്യൂനമർദ്ദം വരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ നേരിയ തോതിൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലത്തേതിൽ നിന്ന് വ്യത്യസ്‌തമായി ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴ സാധ്യത പ്രവചിക്കുന്ന യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മാത്രമാണ് അലർട്ട്. ശേഷിക്കുന്ന ജില്ലകളിൽ ഒന്നും തന്നെ ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും നൽകിയിട്ടില്ല.
എങ്കിലും മഴ പൂർണമായി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത ആറുദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. വ്യഴാഴ്‌ചയോടെ പുതിയ ന്യൂനമർദ്ദം എത്തുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ മഴ വീണ്ടും ശക്തമായേക്കും.

കോഴിക്കോട് ജില്ലയിൽ ഇന്നലെ കനത്ത മഴയാണ് പല ഭാഗങ്ങളിലും പെയ്‌തത്. മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴ പെയ്‌തിരുന്നു. ഇന്നും വടക്കൻ കേരളത്തിൽ തന്നെയാണ് മഴ സാധ്യത പ്രവചിക്കുന്നത്. തെക്കൻ, മധ്യ കേരളത്തിലെ ജില്ലകളിൽ ഒന്നും തന്നെ യെല്ലോ, ഓറഞ്ച് അലർട്ടുകൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം, കിഴക്കൻ വിദർഭക്കും തെലുങ്കാനക്കും മുകളിലായി ഒരു തീവ്ര ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കൂടിയ ന്യുനമർദ്ദമായി രൂപപ്പെടാനാണ് സാധ്യത. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദ്ദ പാത്തിയുമുണ്ട്.
മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സെപ്റ്റംബർ 5 വ്യാഴാഴ്‌ചയോടെ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിന്റെ ഫലമായി കേരളത്തിൽ വരുംദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്.
കേരളത്തിലെ ഒറ്റപെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ നാലാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക്-പടിഞ്ഞാറൻ അറബിക്കടലിലെ 'അസ്‌ന' ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദ്ദമായി ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും കേരളത്തിലെ മഴയിൽ കാര്യമായ കുറവുണ്ടാകും എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ കൂടുതൽ ശക്തമായിരുന്നു. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സാന്നിധ്യമാണ് മഴയ്ക്ക് ആക്കം കൂട്ടിയത്. അത്തരമൊരു ന്യൂനമർദ്ദമാണ് അസ്‌ന ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത്. ഇത് കരയിലേക്ക് കയറിയില്ലെങ്കിലും ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യിക്കുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications