Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ന്യൂനമർദ്ദം, അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ; ഇന്ന് മൂന്നിടത്ത് റെഡ് അലർട്ട്, മൂന്നിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴഭീതി ഒഴിയുന്നില്ല. കാലവർഷത്തിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയാണ് ഈ ജില്ലകളിൽ ഇന്നത്തെ ദിവസം പ്രതീക്ഷിക്കുന്നതെന്ന് വ്യക്തം.

കൂടാതെ മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. തൃശൂർ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ മഞ്ഞ അലർട്ടായിരിക്കും നിലവിലുണ്ടാവുക. മറാത്തവാഡയ്ക്ക് മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്‌ മഴ ശക്തമാകാൻ കാരണമാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വയോടെ ബംഗാൾ ഉൾക്കടലിന്‌ മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെട്ടേക്കും.

keralarainalerts

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കഴിഞ്ഞ മണിക്കൂറുകളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. വിവിധ ജില്ലകളിൽ രാത്രി വൈകിയും ഇന്ന് പുലർച്ചെയും ഒക്കെ ശക്തമായ മഴയാണ് പെയ്‌തത്‌. നിർത്താതെ പെയ്യുന്ന മഴയ്ക്ക് ഇടയിലാണ് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നത്.

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. ജില്ലാ കലക്‌ടർമാരാണ് അവധി പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ ട്യൂഷൻ സെന്ററുകൾ അടക്കമുള്ള എല്ലാം വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്‌കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. അതിനിടെ ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റവന്യൂമന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു: 0471 2518655. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെടണം: 9496010101 എന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

അതിനിടെ മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 14 ക്യാംപുകളിലായി 71 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാർപ്പിച്ചു എന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട്-7, കോഴിക്കോട്-3, തിരുവനന്തപുരം-2, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒന്നു വീതവുമാണ് ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. കനത്ത മഴയുടെ സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.

സംസ്ഥാനത്ത്‌ ഇതുവരെ മഴയിൽ 29 വീട്‌ പൂർണമായും 868 വീട്‌ ഭാഗികമായും തകർന്നു. കാലവർഷ ക്കെടുതിയിൽ സംസ്ഥാനത്ത്‌ അഞ്ചുപേരാണ് മരിച്ചത്. ആലപ്പുഴയിലും എറണാകുളത്തും രണ്ടുപേർ വീതവും കൊല്ലത്ത് ഒരാളും മരിച്ചു. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പാലിക്കണം എന്നാണ് അധികൃതർ ജനങ്ങൾക്ക് നൽകുന്ന മുന്നറിയിപ്പ്.

24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഈ മുന്നറിയിപ്പ് നിലവിലുള്ളത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മൂന്നിടത്ത് ഓറഞ്ച് അലർട്ടുമുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്നത്

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കോഴിക്കോട്, കണ്ണൂർ (റെഡ് അലർട്ട് : അടുത്ത മൂന്നു മണിയ്ക്കൂർ മാത്രം) ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ആഘാതങ്ങൾ

പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.

മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.

വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.

ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.

ഉയർന്ന തിരമാല ജാഗ്രതയുമായി ബന്ധപ്പെട്ട് പുറപ്പെടുവിയ്ക്കുന്ന പ്രത്യേക ജാഗ്രത

കേരള തീരത്ത് 28/05/2025 രാത്രി 8.30 വരെ 3.5 മുതൽ 4.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്.

റെഡ് അലർട്ട്

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ
കാസർഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ (റെഡ് അലർട്ട്) 28/05/2025 രാത്രി 8.30 വരെ 3.5 മുതൽ 3.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

ഇടിമിന്നലും ജാഗ്രത

ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നാണ് കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‌ടം സൃഷ്ട്ടിക്കുന്നുണ്ടെന്നും അതിനാൽ ജാഗ്രത പുലർത്തണമെന്നുമാണ് നിർദ്ദേശം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+