കേരളത്തിൽ ശക്തമായ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ആറ് ജില്ലകളിലാണ് പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിൽ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. ഇതിന് പുറമേ മണിക്കൂറിൽ 40 കിലോമീറ്ററോളം വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

നിലവിൽ ആന്ധ്രാ തീരത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ തുടരുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയുള്ളതിനാലാണ് കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്, എന്നാൽ കർണാടക തീരത്ത് വിലക്കില്ല.
ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇത് കൂടാതെ മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്, അതുകൊണ്ട് തന്നെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതൽ 0.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. അതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കുന്നതിനൊപ്പം മറ്റുള്ളവർ ബീച്ച് യാത്രകൾ പരമാവധി ഒഴിവാക്കുന്നതാവും ഉചിതം.
ഇടിമിന്നലിൽ ജാഗ്രതാ പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നേരത്തെ അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിൽ ഒക്ടോബർ 9 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഈ സാഹചര്യത്തിൽ ഇടിമിന്നലിനെതിരെ ജാഗ്രതാ പുലർത്തണം. ഇടിമിന്നൽ കണ്ടാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും വീടിനുള്ളിൽ തുടരണമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
വയനാട്ടിൽ യെല്ലോ അലർട്ട്: പ്രത്യേക ജാഗ്രതാ നിർദ്ദേശം
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വയനാട്ടിൽ ഇന്ന് യെല്ലോ അലർട്ടാണ്. അപകട മേഖലകളിൽ കഴിയുന്നവരോട് പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പലയിടത്തും നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത പുലർത്താൻ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications