കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ, വ്യാപക നാശം വിതച്ച് കാറ്റ്; മരങ്ങള്‍ പൊട്ടിവീണു
കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങള്‍. കോഴിക്കോട് കാലവര്‍ഷം ശക്തമായിരിക്കുകയാണ്. വ്യാപകമായ മഴയാണ് രേഖപ്പെടുത്തുന്നത്. അതോടൊപ്പം ശക്തമായ കാറ്റും വന്നതോടെ പലയിടത്തും മരങ്ങള്‍ പൊട്ടിവീണിരിക്കുകയാണ്. വൈദ്യുത പോസ്റ്റുകളും, മതിലുകളുമെല്ലാം തകര്‍ന്നിട്ടുണ്ട്.
ജില്ലയിലെ വിവിധയിടങ്ങളില്‍ അപകടങ്ങളുമുണ്ടായിട്ടുണ്ട്. പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിട്ടുണ്ട്. വൈദ്യുതി ലൈനില്‍ മരങ്ങള്‍ വീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണം. റോഡിന് കുറുകെ മരം കടപുഴകി വീണ് വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ച്ച പുലര്‍ച്ചെയും ജില്ലയില്‍ കനത്ത കാറ്റ് വീശിയിട്ടുണ്ടായിരുന്നു. മേത്തോട്ട് താഴം-പൂവങ്ങല്‍ ഭാഗത്ത് വ്യാപക നാശനഷ്ടങ്ങളുമുണ്ടായിരുന്നു. ചന്ദ്രന്‍ എന്നയാളുടെ വീട് മരം വീണ് തകര്‍ന്നിരുന്നു. ഓട് വീണ് ചന്ദ്രന്റെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറിന് മുകളിലേക്കും മരം വീണിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ഭയങ്കാവ് അപ്പാടം വീട്ടില്‍ ബിനീഷിന്റെ കാറിന് മുകളിലാണ് മരം വീണത്. പിന്നാലെ വീശിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയായിരുന്നു. ഇലക്ട്രേിക് കമ്പികള്‍ അടക്കം പൊട്ടിവീണു. പലയിടങ്ങളിലും മരങ്ങള്‍ വീഴുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്ത് മണിയോടെയും ഉച്ചയ്ക്കുമെല്ലാം ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ പുതിയോട്ടില്‍ കണ്ടന്‍പാറ, ചെമ്പയി, ഭാഗത്തെല്ലാം ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് വീശിയടിച്ചത്. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വരുന്ന ഭാഗങ്ങളാണ് ഇവ. നാല് വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്.
തെങ്ങുകള്‍ അടക്കം കടപുഴകി വീണിട്ടുണ്ട്. മതിലുകളും വൈദ്യുതി ലൈനുകളുമെല്ലാം തകര്‍ന്നിട്ടുണ്ട്. ചുറ്റുപമതിലും തകര്‍ന്നുവീണു. ശക്തമായ കാറ്റില്‍ മരം വീണ് പുന്നക്കല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂരയും തകര്‍ന്നു.
കൂടരഞ്ഞി, കട്ടാങ്ങല്‍, നീലേശ്വരം, ചെറൂപ്പം, താമരശ്ശേരി, മാവൂര്‍, ചേന്ദമംഗലൂര്‍, പാഴൂര്‍, ചാത്തമംഗലം, മണാശ്ശേരി എന്നിവിടങ്ങളിലാണ് മരം വീണത് മൂലം ഗതാഗതം തടസ്സപ്പെട്ടത്. താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്കും മരം കടപുഴകി വീണു.
നേരത്തെ സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ മഴക്കെടുതിയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി വീശി അടിച്ച മിന്നല്‍ ചുഴലിയിലുമാണ് മലയോര മേഖലകളില്‍ അടക്കം വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകിയും വൈദ്യുതി തൂണുകള്‍ നിലംപതിച്ചുമാണ് കൂടുതല്‍ അപകടങ്ങളുമുണ്ടായത്.












Click it and Unblock the Notifications