സംസ്ഥാനത്ത് മഴ തുടരും; വടക്കൻ ജില്ലകളിൽ ജാഗ്രത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ അവധി
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ ശക്തമായി തന്നെ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. വടക്കൻ കേരളത്തിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും ഈ ജില്ലകളിൽ കനത്ത മഴയായായിരുന്നു പെയ്‌തത്.
അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും, അറബിക്കടലില്‍ ചക്രവാതചുഴിയും, വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നത് കാരണമാണ് കേരളത്തിൽ ഇപ്പോഴും തുടരുന്നത്.

നാളെയും കോഴിക്കോട് മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. കേരളാ തീരത്ത് ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് സമുദ്ര ഗവേഷണ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീര മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.
അതിനിടെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയെ തുടർന്ന് ജില്ലയിൽ 45 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 421 കുടുംബങ്ങളിലെ 1403 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. ജില്ലയിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
സംസ്ഥാനത്താകെ 99 ദുരിതാശ്വാസ ക്യാമ്പുകളിലായി 968 കുടുംബങ്ങളിലെ 3268 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ സംസ്ഥാനത്ത് ലഭിച്ചത് 110 ശതമാനം അധിക മഴയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 150 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 315.5 മില്ലി മീറ്ററാണ് ലഭിച്ചത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ഈ കാലയളവിൽ അധികമായി പെയ്‌തത്.
കണ്ണൂരിൽ 171 ശതമാനം, കോഴിക്കോട് 132 ശതമാനം വയനാട്ടിൽ 95 ശതമാനം എന്നിങ്ങനെ അധിക മഴ ലഭിച്ചു. ഇതോടെ കാലവർഷത്തിലെ മഴക്കുറവ് 11 ശതമാനമായി മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മഴ കുറയാൻ ഇടയില്ലെന്നാണ് വിലയിരുത്തൽ. നാളെയും വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ നിലവിലുണ്ട്.












Click it and Unblock the Notifications