സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ യെല്ലോ അലർട്ട്, വടക്കൻ ജില്ലകളിൽ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. വടക്കൻ ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്. നിലവിൽ പത്ത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (യെല്ലോ അലർട്ട്) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മല്‍സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 30 വരെയും, കേരള തീരത്ത് ഓഗസ്റ്റ് 29 മുതൽ 30 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടി. കോഴിക്കോട് നാദാപുരത്ത് പുഴകളിൽ വലിയ കുത്തൊഴുക്കാണ്. പലയിടങ്ങളിലും കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചനയുണ്ട്. നേരത്തേയും ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്.
മലപ്പുറത്ത് കരുവാരക്കുണ്ടിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായത്. കണ്ണൂരിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. നെടുംപൊയിൽ സൈമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ മഴവെള്ളം ഒഴുകുന്നുണ്ട്.
കണ്ണൂരിലെ വനമേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടെങ്കിലും പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications