കേരളത്തിൽ ഇന്നും മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവാം, ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കൂടുതൽ ശക്തമാവുന്നു. നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന് പിന്നാലെ ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന മഴ മുന്നറിയിപ്പുകൾ മാറ്റിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതിയ മുന്നറിയിപ്പ് നൽകിയത്.
വടക്കൻ കേരളത്തിൽ വേനൽമഴ ശക്തമാവുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ കടുത്ത ചൂടിന് ശമനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ കോഴിക്കോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ശക്തമായ ഇടിമിന്നലും കാറ്റും റിപ്പോർട്ട് ചെയ്‌തിരുന്നു. കൂടാതെ മലയോര മേഖലകളിൽ ശക്തമായ മഴയും പെയ്‌തിരുന്നു.
ഇപ്പോൾ മെയ് ആറിന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മെയ് 7ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
അതേസമയം, ഇടിമിന്നലിന്റെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ രീതിയിൽ നാശനഷ്‌ടം ഉണ്ടാകുമെന്നതിനാൽ ജാഗ്രത പുലർത്തണം എന്നാണ് നിർദ്ദേശം.
കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് തിരുവനന്തപുരം വർക്കലയിൽ 20കാരൻ മരിച്ചിരുന്നു. വർക്കല അയിരൂർ സ്വദേശി രാജേഷാണ് മരിച്ചത്. കുടുംബാംഗങ്ങളുമൊത്ത് വീട്ടിനുള്ളിൽ ഇരിക്കുമ്പോഴാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഉടൻ തന്നെ രാജേഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന പ്രത്യേക നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്, ഈ ഇടങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുകയെന്നതിനാണ് പ്രധാനമായും മുൻഗണന നൽകേണ്ടത്. ഒരിക്കലും തുറസായ സ്ഥലങ്ങളിൽ തുടരരുത്, അങ്ങനെ ചെയ്‌താൽ ഇടിമിന്നലേൽക്കാനുള്ള സാധ്യത വളരെയധികം വർധിക്കുകയാണ് ചെയ്യുക.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ചയോ കേൾവിയോ നഷ്‍ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാമെന്നതാണ് അറിയേണ്ട പ്രധാന കാര്യം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്നതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ ഒരിക്കലും മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. ഒപ്പം മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം.












Click it and Unblock the Notifications