അവാർഡുകൾ വാരിക്കൂട്ടി 'മഞ്ഞുമ്മൽ ബോയ്‌സ്'; തിളങ്ങി ചിദംബരവും, വേടനും സൗബിനും അംഗീകാര നിറവിൽ
തൃശൂർ: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം എന്തുകൊണ്ടും വ്യത്യസ്‌തമായിരുന്നു. സാധാരണയായി തലസ്ഥാന നഗരി വേദിയാവുന്ന പ്രഖ്യാപനത്തിന് ഇക്കുറി സാക്ഷിയായത് തൃശൂരിൽ സാഹിത്യ അക്കാദമി ഹാൾ ആയിരുന്നു. പുരസ്‌കാര പ്രഖ്യാപന വേദിയിൽ ഏറ്റവും അധികം മുഴങ്ങിക്കേട്ടതാവട്ടെ മലയാളി യുവത്വം കഴിഞ്ഞ വർഷം ഏറ്റവുമധികം ആഘോഷിച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിന്റെ പേരും.
പുരസ്‌കാര പ്രഖ്യാപനത്തിലെ സമഗ്ര മേഖലയിലും മികച്ച പ്രകടനം നടത്തിയത് മഞ്ഞുമ്മൽ ബോയ്‌സ് ആയിരുന്നു. കളക്ഷൻ റെക്കോർഡുകളിൽ വലിയ മുന്നേറ്റമുണ്ടാക്കിയ, മലയാള സിനിമയ്ക്ക് വമ്പൻ മാർക്കറ്റ് ഉണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മഞ്ഞുമ്മൽ ബോയ്‌സിന് ഇത്രയധികം അവാർഡുകൾ ലഭിക്കുമ്പോൾ പതിറ്റാണ്ടുകളായി പലരും ഉന്നയിക്കുന്ന വാണിജ്യ സിനിമകളെ പുരസ്‌കാര പട്ടികയിൽ നിന്ന് തഴയുന്നു എന്ന ആരോപണവും അലിഞ്ഞ് ഇല്ലാതാവുകയാണ്.

മികച്ച ചിത്രത്തിന് ഉൾപ്പെടെ മഞ്ഞുമ്മൽ ബോയ്‌സിന് ലഭിച്ചത് പത്തോളം അവാർഡുകളാണ്. അതിൽ തിളങ്ങിയത് ചിദംബരമാണ്. സിനിമ സ്വപ്‌നം കാണുന്ന ലക്ഷക്കണക്കിന് മലയാളി യുവാക്കൾക്ക് മുൻപിൽ പ്രചോദനമായി ചിദംബരം ഇതോടെ മാറുകയാണ്. മഞ്ഞുമ്മൽ എന്ന കൊച്ചിയിലെ ഗ്രാമത്തിൽ നിന്നും കൊടൈക്കനാലിലേക്ക് വണ്ടികയറിയ ഒരുകൂട്ടം സുഹൃത്തുക്കളുടെ മാനസിക വ്യഥകളും അവർ ചെന്നുപെടുന്ന അതിഭീകരമായ പ്രതിസന്ധികളും എങ്ങനെ അതിനെ മറികടക്കുന്നു എന്നതുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
കേവലമൊരു ഫിക്ഷൻ എന്നതിലുപരി ഒന്നര പതിറ്റാണ്ട് മുൻപ് നമ്മൾ വായിച്ചറിഞ്ഞ ഒരു അത്യപൂർവ സംഭവ വികാസത്തിന്റെ തിരശീലയിലെ ആവിഷ്‌കാരം കൂടിയായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഒപ്പം സൗഹൃദത്തിന്റെ ദൃഢതയും വിട്ടുകൊടുക്കാൻ മനസില്ലാത്തവരുടെ അതിജീവനത്തിന്റെ കഥയും കൂടി ചേർത്ത് ചിദംബരം അഭ്രപാളിയിൽ എത്തിച്ചപ്പോൾ മലയാളി പ്രേക്ഷകർ അതിനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
അർഹിച്ച അംഗീകാരം നേടി ചിദംബരം
മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും നേടിയത് ചിദംബരമായിരുന്നു. ഒപ്പം മികച്ച ചിത്രത്തിന്റെ സംവിധായകൻ എന്ന നേട്ടവും സ്വന്തം. ജാൻ എ മൻ എന്ന കോമഡി ചിത്രത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തിയ പ്രതിഭാധനനായ ഈ യുവ സംവിധായകൻ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തെ എന്നും പ്രേക്ഷകർ നെഞ്ചോട് ചേർക്കുംവിധം മനോഹരമായി തന്നെ ഒരുക്കി.
വേടനും സൗബിനും പുരസ്‌കാര നിറവിൽ
ഇത്തവണ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സിദ്ധാർഥ് ഭരതനുമായി പങ്കിട്ട് കൊണ്ട് സൗബിനും മഞ്ഞുമ്മൽ ബോയ്‌സിൽ നിന്ന് പട്ടികയിൽ ഇടം നേടി. ചിത്രത്തിലെ കുട്ടേട്ടൻ എന്ന കഥാപാത്രം സൗബിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയെന്നത് വാസ്‌തവമാണ്. സുഹൃത്തിന് സംഭവിച്ച ദുരന്തത്തിൽ രക്ഷകനായി മാറിയ, ആപത്ഘട്ടത്തിലും പതറാതെ സ്വജീവൻ പണയം വച്ച് സുഹൃത്തിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിനെ സൗബിൻ പകർന്നാടുകയായിരുന്നു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ ഏറ്റവും നിർണായകമായ ഒരു പ്രഖ്യാപനം, അല്ലെങ്കിൽ അപ്രതീക്ഷിത പ്രഖ്യാപനം എന്ന് വേണമെങ്കിൽ വേടന്റെ അവാർഡിനെ പറയാം. സർക്കാരിനോട് ചേർന്ന് നിൽക്കുന്ന വേടനെ അംഗീകരിച്ചു എന്ന ആക്ഷേപത്തിന് അപ്പുറം മഞ്ഞുമ്മൽ എന്ന കൊച്ചിയുടെ പ്രാന്തപ്രദേശത്തെ പാർശ്വവൽക്കരിപ്പെട്ട ജീവിതങ്ങളുടെ വേദനകളും ആത്മരോഷവും വരികളിൽ ആവാഹിച്ച മികവിന് വേടനെ ജൂറി അംഗീകരിച്ചു എന്ന് പറയുന്നതാവും ശരി.
അജയൻ ചാലിശ്ശേരിയ്ക്ക് കൊടുത്തില്ലെങ്കിൽ വേറെയാർക്ക്?
മേൽപറഞ്ഞ വാക്കുകൾ വെറുതെ ഭംഗി വാക്ക് പറഞ്ഞതല്ല. കൊടൈക്കനാലിലെ അത്രയധികം അപകടകരമായ ഗുണ കേവിനെ കേരളത്തിൽ പറിച്ചുനട്ട കലാസംവിധാന മികവിന് എത്ര തന്നെ അംഗീകാരം നൽകിയാലും മതിയാവില്ലെന്ന് തന്നെ പറയാം. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച സൃഷ്‌ടി തന്നെയായിരുന്നു അജയൻ ചാലിശ്ശേരിയുടേത് എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ആവില്ല.
ഇതിനെ പുറമെ അഞ്ച് അവാർഡുകൾ മഞ്ഞുമ്മൽ ബോയ്‌സ് സ്വന്തമാക്കി. അതിൽ ഷൈജു ഖാലിദിന്റെ ഛായാഗ്രഹണത്തിനുള്ള അവാർഡ് പ്രതീക്ഷിച്ചതായിരുന്നു എന്ന് തന്നെ പറയാം. അത്രയും മനോഹരമായി അദ്ദേഹം കൊടൈക്കനാലിനെ ഒപ്പിയെടുത്തു. കൂടാതെ ശബ്‌ദരൂപകൽപന - ഷിജിൻ മെൽവിൻ, അഭിഷേക് എന്നിവർക്കും ലഭിച്ചു. ഇവ കൂടാതെ മികച്ച ശബ്‌ദമിശ്രണം, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മൽ ബോയ്‌സ് ടീമിന് ലഭിച്ചു.












Click it and Unblock the Notifications