സംസ്ഥാനത്ത് ഇന്നും മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ കേരളത്തിൽ ജാഗ്രത, ചൂട് കുറയുമോ?
തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ തുടരാൻ സാധ്യത. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ നിലവിലുള്ളത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ ശക്തമായ മഴ തന്നെ ലഭിച്ചിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട്ടിലും സമാനമായി മഴയ്ക്ക് സാധ്യത ഉണ്ടെന്നതാണ് വിലയിരുത്തൽ.

ഏറ്റവും ഒടുവിൽ വന്ന അറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ-ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പറയുന്നു.
അതേസമയം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ഭൂമധ്യ രേഖാ ഇന്ത്യൻ മഹാസമുദ്രം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.
നാളെയും സമാനമായി മുന്നറിയിപ്പുണ്ട്. തെക്കൻ ശ്രീലങ്കൻ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ സമാനമായി മഴ പെയ്യുമെന്നാണ് വിലയിരുത്തൽ.
കേരളത്തിലെ ചൂടിന് ശമനം ഉണ്ടാവുമോ?
നിലവിൽ സംസ്ഥാനത്ത് പലയിടത്തും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് മാത്രമല്ല രാത്രിയിലും കാലാവസ്ഥ കൂടുതൽ ദുഷ്‌കരമാവുമോ എന്നാണ് ഉയരുന്ന ചോദ്യം. ഇന്നലെ പെയ്‌ത മഴ പലയിടത്തും ചൂടിനെ സ്വാധീനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ചൂടിന് നേരിയ ശമനം ഉണ്ടായിരുന്നു. സമാന സാഹചര്യം വരും ദിവസങ്ങളിൽ ഉണ്ടായാൽ ചൂടിന് ശമനം ഉണ്ടാവുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications