Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ചൂടിന് ശമനമില്ല, ഇന്ന് അഞ്ചിടത്ത് ഓറഞ്ച് അലർട്ട്; താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ശമനമില്ലാതെ തുടരുന്നു. അഞ്ച് ഇടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന അൾട്രാവയലറ്റ് (യുവി) വികിരണ തോത് മൂലമുള്ള ഓറഞ്ച് അലർട്ടാണ് 5 സ്ഥലങ്ങളിൽ പ്രഖ്യാപിച്ചത്. മൂന്നാർ, കോന്നി (രണ്ടിടത്തും 9), കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി (മൂന്നിടത്തും 8) എന്നിങ്ങനെയാണ് അൾട്രാവയലറ്റ് വികിരണങ്ങൾ കൂടുതൽ ഉള്ള ഇടങ്ങൾ.

ഓറഞ്ച് അലർട്ട് മേഖലകളിൽ ജാഗ്രത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. യുവി നിരക്ക് 11 കടന്നാൽ ഏറ്റവും അപകടകരമായി കണക്കാക്കും. യുവി നിരക്ക് 6-7 രേഖപ്പെടുത്തിയ കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, മാനന്തവാടി, ബേപ്പൂർ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമുണ്ട് നിലവിൽ. ഇവിടെയും കടുത്ത ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

weather

ഉയർന്ന താപനിലയും ആർദ്രതയും സംസ്ഥാനത്തുടനീളം ആരോഗ്യപ്രശ്‌നങ്ങൾ വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം, ഏപ്രിൽ 23-ന് പാലക്കാട്ട് 41.1°C താപനില രേഖപ്പെടുത്തി. ഇത് സാധാരണ താപനിലയെക്കാൾ 4.5°C കൂടുതലാണ്. കൊല്ലം ജില്ലയിലെ പുനലൂരിൽ 39.8°C-ഉം തൃശൂരിലെ വെള്ളാനിക്കരയിൽ 39.3°C-ഉം താപനില രേഖപ്പെടുത്തി.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 24 വരെ ഉഷ്‌ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട്ട് ഏകദേശം 41°C വരെയും കൊല്ലം, തൃശൂർ എന്നിവിടങ്ങളിൽ 40°C വരെയും താപനില ഉയരാം. സാധാരണ താപനിലയെക്കാൾ 4-5°C വരെ ഇത് കൂടുതലായിരിക്കും. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉച്ചസമയത്ത് സൂര്യപ്രകാശത്തിന്റെ തീവ്രതയും ഉപരിതല താപനിലയും ഏറ്റവും ഉയർന്ന നിലയിലായിരിക്കുമ്പോൾ അതീവ ജാഗ്രത അനിവാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച്, ഏപ്രിൽ 23-24 തീയതികളിൽ താഴെ പറയുന്ന ജില്ലകളിൽ സാധാരണയെക്കാൾ ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. തീരദേശങ്ങളിലും ഇടനാടുകളിലും ഉയർന്ന താപനിലയും ഉയർന്ന ആർദ്രതയും ഈ ദിവസങ്ങളിൽ അനുഭവപ്പെടും.

പാലക്കാട്: ഏകദേശം 41°C വരെ. ഉഷ്‌ണതരംഗ ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
കൊല്ലം: ഏകദേശം 40°C വരെ. ഉഷ്‌ണതരംഗ, UV ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ: ഏകദേശം 40°C വരെ. ഉഷ്‌ണതരംഗ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
കോട്ടയം: ഏകദേശം 38°C വരെ. ഉയർന്ന താപനിലയും യുവി ഓറഞ്ച് അലർട്ടും ഉണ്ട്.
പത്തനംതിട്ട: ഏകദേശം 38°C വരെ. ഉയർന്ന താപനിലയും യുവി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ആരോഗ്യപരമായ വെല്ലുവിളികളും പ്രതിരോധ നടപടികളും

ഉയർന്ന താപനിലയും ആർദ്രതയും ഇതിനകം തന്നെ ഗുരുതരമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരാൾ മരിക്കുകയും അഞ്ച് പേർക്ക്, കുട്ടികളടക്കം, സൂര്യാഘാതം ഏൽക്കുകയും ചെയ്‌തതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കണ്ണൂരിലാണ് സൂര്യാതപമേറ്റ് യുവാവ് മരണപ്പെട്ടത്. കിണർ വൃത്തിയാക്കുന്ന ജോലിക്കിടയിലായിരുന്നു സംഭവം.

ശിശുക്കൾ, പ്രായമായവർ, ദീർഘകാല രോഗങ്ങളുള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് ഈ കാലാവസ്ഥ ആരോഗ്യപരമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഹീറ്റ് എക്സ്ഹോഷൻ അല്ലെങ്കിൽ ഹീറ്റ്സ്ട്രോക്ക് എന്നിവയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് രാവിലെ മുതൽ ഉച്ചവരെ താപനില കൂടുമ്പോൾ ഇത് സംഭവിക്കാം.

രാവിലെ 11 ​​മണി മുതൽ വൈകുന്നേരം 3 ​​മണി വരെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കാനും, ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും, ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടാനും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ ഈ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

കടുത്ത വേനൽ തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. "കൂട്ടായ സഹകരണത്തിലൂടെ ഈ കടുത്ത വേനലിനെയും നമുക്ക് അതിജീവിക്കാം" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, സാഹചര്യം വിലയിരുത്തി ജില്ലാതല മുന്നറിയിപ്പുകൾ പുതുക്കുന്നത് തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+