സംസ്ഥാനത്തെ വേനൽ ചൂടിൽ ആശ്വാസമായി മഴയെത്തും; 22 മുതൽ ഇടിമിന്നലോട് കൂടിയ മഴ, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കൊടുംചൂടിൽ നിന്ന് ആശ്വാസമേകാനായി വിവിധ ജില്ലകളിൽ വേനൽ മഴയെത്തുമെന്ന് പ്രവചനം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എങ്കിലും ഇന്നും കനത്ത ചൂട് അനുഭവപ്പൊടാൻ സാധ്യതയുള്ളതിനാൽ 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം മഴ പെയ്യുന്ന രീതിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും കണ്ടത്.
മുഴുവൻ ജില്ലകളിലും ഇന്നും നാളെയും വേനൽ മഴയ്ക്കും സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ടും നൽകിയിട്ടുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഏപ്രിൽ 22 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ സാഹചര്യത്തിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒന്നും തന്നെ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിശക്തമായ മഴയുള്ള പ്രതീക്ഷിക്കുന്നതെങ്കിലും സംസ്ഥാനത്ത് പലയിടത്തും വെല്ലുവിളിയായി നിൽക്കുന്ന ഉയർന്ന താപനിലയിൽ മഴ മാറ്റം കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; കോട്ടയം ജില്ലയിൽ 38 °C വരെയും; ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുട, പാദരക്ഷകൾ എന്നിവ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ള ലഭ്യതയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.












Click it and Unblock the Notifications