തെക്കൻ ജില്ലകളിൽ ചൂടിന് ശമനമില്ല, തലസ്ഥാനത്ത് റെക്കോർഡ്; ഈ ജില്ലകളിൽ വേനൽ മഴ ശക്തമാവും..!
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ചൂടിന് ശമനമില്ല. വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തെങ്കിലും തലസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. ഇക്കുറി റെക്കോർഡ് വർധനയാണ് താപനിലയിൽ ഉണ്ടായിരിക്കുന്നത്. ജില്ലയിൽ ഞായറാഴ്‌ച 37.8 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. 1988 മാർച്ച് 16-ന് ജില്ലയിൽ 37.7 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. 38 വർഷംമുൻപുള്ള ഈ റെക്കോഡാണ് കഴിഞ്ഞ ദിവസം തകർന്നത്.
എന്നാൽ തിങ്കളാഴ്‌ച അത് വീണ്ടും 36 ഡിഗ്രിയിലേക്ക് താഴ്ന്നു. എങ്കിലും ശരാശരിയിൽ കാര്യമായ വർധനയാണ് തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ പകൽ സമയത്ത് പുറത്തിറങ്ങാൻ സാധിക്കാത്ത ചൂടാണ് തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള പൊതു പരിപാടികൾ നടക്കുമ്പോഴും ആളുകൾ വലയുകയാണ്.

എങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ മറ്റ് ജില്ലകളിൽ എല്ലാം തന്നെ ചൂടിന് ചെറിയ ആശ്വാസമുണ്ട്. വൈകുന്നേരങ്ങളിൽ പെയ്യുന്ന വേനൽ മഴയാണ് പലയിടത്തും കാലാവസ്ഥയെ സ്വാധീനിക്കുന്നത്. വേനൽമഴ കാരണം പല ജില്ലകളിലും ചൂടിന് കാര്യമായ കുറവുണ്ടായിട്ടുണ്ട് എന്നതാണ് ആശ്വാസകരമായ കാര്യം. എങ്കിലും വേനൽക്കാല ജാഗ്രതയിൽ ഒരു കുറവും വരുത്തരുതെന്നാണ് അധികൃതരുടെ നിർദ്ദേശം.
കണ്ണൂരും കോഴിക്കോടും മഴ
വടക്കൻ ജില്ലകളിൽ ഇന്ന് വേനൽ മഴ ശക്തമാവാൻ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ചൊവ്വാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് നൽകുകയായിരുന്നു.
മാത്രമല്ല ഇത്തവണ വേനൽമഴ കാരണം പാലക്കാട് ഇന്നലെ ചൂട് 0.5 ഡിഗ്രിയോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. കോഴിക്കോട് 1.3 ഡിഗ്രിയും കുറവുണ്ടായിട്ടുണ്ട്. എന്നാൽ കോട്ടയത്തും തിരുവനന്തപുരത്തും പുനലൂരിലുമാണ് ചൂട് ഉയർന്നുനിന്നത്. ശരാശരിയിൽനിന്ന് രണ്ട് ഡിഗ്രിയോളം കൂടുതലാണ് ഈ പ്രദേശങ്ങളിലെ ചൂട് ഇപ്പോഴുള്ളത്. കൊല്ലം പുനലൂരിൽ 38 ആണ് നിലവിലെ താപനില എന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം.
ജാഗ്രതാ കൈവിടരുതെന്ന് ആരോഗ്യവകുപ്പ്
വേനൽ മഴ പെയ്യുന്നുണ്ടെങ്കിലും പലയിടത്തും കനത്ത ചൂട് റിപ്പോർട്ടുചെയ്യുന്ന സാഹചര്യത്തിൽ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നേരിട്ട് വെയിലേൽക്കുന്ന ജോലിചെയ്യുന്നവർ ജോലിസമയം പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലുമായി ക്രമീകരിക്കണമെന്നാണ് ആവശ്യം.
ശരീരത്തിൽനിന്ന് ജലം നഷ്‌ടപ്പെടാതിരിക്കാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ആരോഗ്യത്തിന് നല്ലതാണ്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.












Click it and Unblock the Notifications