കേരളപ്പിറവിക്ക് സംസ്ഥാനത്ത് അതിശക്ത മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ചിടത്ത് യെല്ലോ, ജാഗ്രത
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്, ഇവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
ഇതിന് പുറമേ അഞ്ച് ജില്ലകളിൽ ഒന്ന് യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. ദന ചുഴലിക്കാറ്റിനും അറബിക്കടലിലെ ചക്രവാത ചുഴിക്കും ശേഷം തുലാവർഷക്കാറ്റ് ദുർബലമായിരുന്നു. എന്നാൽ വീണ്ടും കേരളത്തിൽ ഉൾപ്പെടെ ഇത് സജീവമാകാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് മഴ വീണ്ടും ശക്തമാവുന്നത്.

തെക്കേ ഇന്ത്യയിൽ ഒന്നാകെ മഴ കൂടുതൽ ശക്തമാവാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് മലയോര മേഖലകളിൽ ഉൾപ്പെടെ കൂടുതൽ ജാഗ്രത പുലർത്താനാണ് നിർദ്ദേശം. ഈ പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാവുക.
വൈകുന്നേരത്തോടെ കൂടുതൽ കനത്ത രീതിയിൽ മഴ പെയ്യാനാണ് സാധ്യത. തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയും കൽപ്പിക്കുന്നുണ്ട്. ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ഇന്നലെ കോഴിക്കോട് ജില്ലയിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെയാണ് മഴ പെയ്‌തത്. മലയോര മേഖലയിൽ ഉൾപ്പെടെ രാത്രിയോടെ ഏറെനേരം നീണ്ടുനിന്ന കനത്ത മഴ തന്നെ പെയ്‌തുവെങ്കിലും ജില്ലയിലാകെ വ്യാപകമായ രീതിയിൽ മഴ പെയ്‌തില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ചെറിയ രീതിയിലുള്ള ഇടിമിന്നലും ഒപ്പമുണ്ടായിരുന്നു.
നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ മഴ സാധ്യത കണക്കിലെടുത്ത് കൂടുതൽ അലർട്ടുകളും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ രണ്ടിന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട് എന്നിങ്ങനെയാണ് അത്. മറ്റന്നാൾ നാലിടത്താണ് യെല്ലോ അലർട്ട്, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
അതേസമയം, ഇത്തവണ പൊതുവെ തുലാവർഷം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. തുലാവർഷത്തിന്റെ ആദ്യമാസമായ ഒക്ടോബറിൽ 22 ശതമാനത്തിന്റെ ഇടിവാണ് മഴയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് നവംബർ മാസത്തിൽ നികത്തുമോ എന്നാണ് ഇനിയങ്ങോട്ടുള്ള ദിനങ്ങളിൽ കണ്ടറിയേണ്ടത്.












Click it and Unblock the Notifications