സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു; മഴ കനക്കും, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
ജൂലൈ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു
തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ മണിക്കൂറുകളിൽ ദുർബലമായിരുന്നു. ലക്ഷദ്വീപിലും കേരളത്തിന്റെ ചില ഭാഗങ്ങളിലും മാത്രമാണ് മഴ ലഭിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ കോട്ടയം ജില്ലയിലെ വൈക്കം, വയനാട് ജില്ലയിലെ മീനങ്ങാടി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, മൂന്ന് സെന്റിമീറ്റർ. എന്നാൽ വരും ദിവസങ്ങളിൽ കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും.

ജൂലൈ 11 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ദിനാന്തരീക്ഷ റിപ്പോർട്ടിൽ പറയുന്നു. നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പും മത്സ്യത്തൊഴിലാളി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. 9ന് ഇടുക്കിയിലും 10ന് ഇടുക്കി, കണ്ണൂർ ജില്ലകളിലും 11ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെയുള്ള മഴയാണ് ഇവിടങ്ങളിൽ പ്രതീക്ഷിക്കുന്നത്.
ഇതിന് പുറമെ കൂടുതൽ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 mm മുതൽ 115 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ,
08-07-2021:എറണാകുളം, ഇടുക്കി,തൃശ്ശൂർ,മലപ്പുറം,വയനാട്.
09-07-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ്.
10-07-2021: എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്.
11-07-2021: എറണാകുളം, ഇടുക്കി,തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.
അനശ്വര നടന്‍ ദിലീപ് കുമാറിന്റെ ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍: ചിത്രങ്ങള്‍ കാണാം
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
2021 ജൂലൈ 8 മുതൽ 11 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
08-07-2021 മുതൽ 11-07-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദേശം
09-07-2021 മുതൽ 11-07-2021 വരെ: കന്യാകുമാരി- മാലിദ്വീപ് -തമിഴ്‌നാട്-ആന്ധ്രാ തീരങ്ങളിലും, ഗൾഫ് ഓഫ് മാന്നാർ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്രഭാഗങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
08-07-2021 മുതൽ 11-07-2021 വരെ: തെക്ക് കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
07-07-2021 മുതൽ 11-07-2021 വരെ: തെക്ക് പടിഞ്ഞാറൻ -മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
സൂപ്പര്‍ ലുക്കില്‍ തിളങ്ങി നിവിന്‍ പോളിയുടെ നായിക; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications