മലയാളിക്ക് സൂര്യകോപമോ? ചൂട് 41 ഡിഗ്രി വരെയാകും, 12 ജില്ലകളിൽ യെല്ലോ അലർട്ട്, മഴ സാധ്യത അറിയാം
തിരുവനന്തപുരം: ഒരു വശത്ത് തിരഞ്ഞെടുപ്പ് ചൂടിൽ കേരളം മുഴുവൻ ആവേശത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ മറുവശത്ത് വേനൽചൂട് സമാനതകൾ ഇല്ലാത്തവിധം വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നിതാ പുറത്തുവിട്ട ഏറ്റവും ഒടുവിലത്തെ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് താപനില 41 ഡിഗ്രി വരേയായേക്കും എന്നാണ് മുന്നറിയിപ്പ്.
ഇതിന് പുറമെ ഏപ്രിൽ 12 വെള്ളിയാഴ്‌ച വരെ സംസ്ഥാനതത്ത് ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ 12 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സാഹചര്യത്തിൽ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

ഇത് കൂടാതെ തൃശൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി വരെയും കണ്ണൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഈ ദിവസങ്ങളിൽ താപനില രേഖപ്പെടുത്താൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻകൂട്ടി പറയുന്നു.
പകൽ പതിനൊന്ന് മണി മുതൽ വൈകീട്ട് മൂന്ന് വരെ പരമാവധി വെയിൽ ഏൽക്കാതെ പിടിച്ചു നിൽക്കുക എന്നത് മാത്രമാണ് നേരിട്ട് ആഘാതമേൽക്കുന്നതിൽ നിന്നുള്ള ഏക പോംവഴി. എന്നാൽ കെട്ടിട നിർമ്മാണ, തൊഴിലാളികൾ, റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ഉൾപ്പെടെ വലിയൊരു വിഭാഗത്തിന് ഈ സമയം വെല്ലുവിളിയാകുന്നു. പലരും രാവിലെയും വൈകീട്ടുമായി ജോലി സമയം ക്രമീകരിച്ചാണ് മുന്നോട്ട് പോവുന്നത്.
മഴ എത്തുമോ?
അതേസമയം പൊള്ളുന്ന വേനല്‍ ചൂടില്‍ അൽപം ആശ്വാസമേകാൻ മഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ വിവിധ ഇടങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. 9 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നൽകിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളിൽ നേരിയ മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.
കൂടാതെ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാംകുളം, ആലപ്പുഴ എന്നീ ജില്ലകളിലും ബുധനാഴ്‌ച ആലപ്പുഴ, കോട്ടയം എറണാംകുളം എന്നീ ജില്ലകളിലും വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും 12ന് കേരളത്തിലുടനീളവും വേനൽമഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചത്.












Click it and Unblock the Notifications