സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ശനിയാഴ്‌ച മുതൽ കൂടുതൽ ശക്തമാവും
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ഫലമായാണ് വീണ്ടും കേരളത്തിൽ മഴ ശക്തമാവുന്നത്. നാളെയും മറ്റന്നാളും ശക്തമായ മഴ തന്നെ കേരളത്തിൽ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.
ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ശനിയാഴ്‌ച മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. തിങ്കളാഴ്‌ച വരെയാണ് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം.

ശനിയാഴ്‌ച നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട്. മറ്റന്നാൾ ഏഴ് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കുന്നതാണ് നല്ലതെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇന്ന് മുതൽ മഴയ്‌ക്കൊപ്പം ഇടിമിന്നലിന് കൂടി സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. പകൽ സമയത്ത് ഉണ്ടാവുന്ന ഇടിമിന്നൽ പലപ്പോഴും ദൃശ്യമാവണം എന്നില്ല, എങ്കിലും വളരെ അപകടകാരികളാണ്.
തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും, അതിനാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടാൻ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ അവയിൽ തന്നെ തുടരുക.












Click it and Unblock the Notifications