കൊടുംചൂടിൽ ഇത്തിരി ആശ്വാസം; ഉഷ്‌ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു, വൈകാതെ മഴയും വരുന്നു
തിരുവനന്തപുരം: കേരളത്തിൽ ചൂടിന് നേരിയ ശമനം. ഇന്ന് നിലവിലുണ്ടായിരുന്ന ഉഷ്‌ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. എങ്കിലും നേരത്തെ പ്രഖ്യാപിച്ച ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
ഇതിന് പുറമേ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയാകാം. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് സാധാരണ ഉണ്ടാവുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നേരത്തെ കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഉഷ്‌ണ തരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.

ഒറ്റപ്പെട്ട ഇടങ്ങളിൽ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പിൽ പറഞ്ഞിരുന്നത്. ഉയർന്ന താപനിലയും ഈർപ്പമുളള വായുവും കാരണം ചൂടും അസ്വസ്ഥതയുമുളള അന്തരീക്ഷ സ്ഥിതിക്ക് സാഹചര്യമുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്‌ച മുതൽ വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. വെള്ളി, ശനി, ഞായർ (ഫെബ്രുവരി 28, മാര്‍ച്ച് 1, 2) ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഞായറാഴ്‌ച കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മറ്റ് ദിവസങ്ങളിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതിന് പുറമേ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകൽ സമയത്ത് കടുത്ത വെയിലും ചൂടും വലിയ രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടെ മലബാറിൽ രാത്രികാലങ്ങളിൽ നേരിയ മഞ്ഞും ഉണ്ടായിരുന്നു. വേനൽ കടുപ്പമാവുന്നതിന് മുൻപ് തന്നെ വെയിൽ കനത്തത് ജനങ്ങളെ പരിഭ്രാന്തിയിൽ ആഴ്ത്തിയിരുന്നു.












Click it and Unblock the Notifications