Get Updates
Get notified of breaking news, exclusive insights, and must-see stories!

കലിതുള്ളി കാലവർഷം; സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ, മൂന്നിടത്ത് ഓറഞ്ച് അലർട്ട്, ബീച്ചിൽ പോവരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പ്രത്യേകിച്ച് മധ്യകേരളത്തിലും മലയോര മേഖലയിലും ശക്തമായതും അതിശക്തമായതുമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയുടെ തീവ്രത കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. നഗരപ്രദേശങ്ങളിൽ വെള്ളക്കെട്ടിനും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കസാധ്യതയ്ക്കും സാധ്യതയുള്ളതിനാൽ യാത്രക്കാർ പ്രത്യേകം ശ്രദ്ധിക്കണം. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ദുരന്തസാധ്യതാ പ്രദേശങ്ങളിലുള്ളവർ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ പാലിക്കണം.

kerala weather updates

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി ബന്ധം തടസപ്പെടാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുകയും സുരക്ഷിത ഇടങ്ങളിൽ അഭയം തേടുകയും വേണം.

കേരള തീരത്ത് കടൽക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും. മോശം കാലാവസ്ഥയും ഉയർന്ന തിരമാലകളും ശക്തമായ കാറ്റും നിലനിൽക്കുന്നതിനാലാണ് നിയന്ത്രണം നീട്ടിയത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ചെറുവള്ളങ്ങളും ബോട്ടുകളും സുരക്ഷിതമായി കെട്ടിയിടണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കടലാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ അറിയിച്ചു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (11/06/2026) രാത്രി 08.30 മുതൽ നാളെ (12/06/2026) രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (11/06/2026) വൈകുന്നേരം 05.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത
ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+