കേരളത്തിൽ ഇക്കുറി കാലവർഷം നേരത്തെ, മെയ് 26ഓടെ എത്തിയേക്കും; അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം കാലവർഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.
ഇത്തവണ കാലവർഷം കേരളത്തിൽ മെയ് 26ഓടെ എത്താൻ സാധ്യതയുണ്ടെന്നും ഈ തീയതിയിൽ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാമെന്നും കാലാവസ്ഥാ വകുപ്പിനെ ഉദ്ധരിച്ച് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ കുറിപ്പ്:
തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചു. കൂടാതെ തെക്കു പടിഞ്ഞാറൻ - തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും, ആൻഡമാൻ & നിക്കോബാർ ദ്വീപുകളിലുടനീളവും, കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇത്തവണ കാലവർഷം കേരളത്തിൽ മെയ് 26 ഓടെ എത്താൻ സാധ്യത (4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാം) തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതചുഴി (cyclonic circulation) നിലനിൽക്കുന്നു.
ഈ ചക്രവാതചുഴിയിൽ നിന്ന്, തെക്കൻ ലക്ഷദ്വീപിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടൽ വരെ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, റാ യലസീമ എന്നിവയ്ക്ക് മുകളിലൂടെ ന്യൂനമർദ്ദ പാത്തി (trough) രൂപപ്പെട്ടിരിക്കുന്നു.
ഇന്ന് (18 മെയ്) കാസർഗോഡ് , കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും അതോടൊപ്പം ഇടിമിന്നൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും. ഇന്നും നാളെയും (18&19 മെയ്) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത .
അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും (18/05/2026) നാളെയും (19/05/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 18/05/2026 & 19/05/2026 : കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.












Click it and Unblock the Notifications