കൊടുംചൂടിൽ വലഞ്ഞോ? ആശ്വാസമായി മഴയെത്തും, നാളെ മുതൽ മൂന്ന് ദിവസം മഴ, യെല്ലോ അലർട്ട്..!
തിരുവനന്തപുരം: കടുത്ത ചൂടിൽ ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ആശ്വാസ വാർത്തയുമായി കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് ദിവസം മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് അടുത്ത മൂന്ന് ദിവസത്തെ മഴ മുന്നറിയിപ്പുകൾ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 10-ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ 09 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഇതിന്റെ ഭാഗമായി മഴ മുന്നറിയിപ്പുകളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലും ശനിയാഴ്‌ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ്:
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10/09/2026: ആലപ്പുഴ, എറണാകുളം
11/09/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
12/09/2026: പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ചൂട് വർധിച്ചു വരികയാണ്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും എല്ലാം അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണഗതിയിൽ ഈ മാസങ്ങളിൽ ഉണ്ടാവുന്ന താപനില അപേക്ഷിച്ചു നോക്കുമ്പോൾ ഇത് വളരെ അധികമാണ് എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇതോടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
ജാഗ്രത നിർദ്ദേശങ്ങൾ
കേരളത്തിൽ ഇന്ന് (09/09/2026) ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്ന താപനില (സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.
പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ്. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. അഗ്നിസുരക്ഷാ പരിശോധന നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.


Click it and Unblock the Notifications
