ചൂടിനെ പേടിക്കേണ്ട, വേനൽ മഴ ശക്തമാകും; കേരളത്തിലെ 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലും
തിരുവനന്തപുരം: വേനൽച്ചൂടിൽ ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പുകൾ നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ജില്ലകളിൽ മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിലാണ് മെയ് അഞ്ച് വരെയുള്ള മഴ സാധ്യത കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളും അടക്കം മുന്നറിയിപ്പുകൾ നിലവിലുണ്ട്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും മറ്റന്നാൾ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇത് വ്യക്തമാക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്‌ച (01/05/2026) മുതൽ ചൊവ്വാഴ്‌ച (05/05/2026) വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അതീവ അപകടകാരിയാണ്. ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും, വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും, വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്‍ടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ പാലിക്കണം. കാർമേഘങ്ങൾ കാണുന്ന സമയത്ത് തന്നെ ജാഗ്രത സ്വീകരിക്കണം. ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ മുൻകരുതൽ സ്വീകരിക്കുന്നത് ഒഴിവാക്കരുത്.
* ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഒഴിവാക്കണം.
* ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക. അവയ്ക്ക് സമീപം നിൽക്കരുത്.
* കെട്ടിടത്തിനകത്ത് കഴിയുമ്പോൾ പരമാവധി ഭിത്തികളിലും നിലത്തും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക.
* ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളോട് സമീപം നിൽക്കുന്നത് ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് ലാൻഡ്‌ലൈൻ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.
* അന്തരീക്ഷം മേഘാവൃതമായിരിക്കുമ്പോൾ തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് മരച്ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
* സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കി, സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.
* മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തേക്കോ പുറത്ത് പോകുന്നത് ഒഴിവാക്കുക.
* കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ ഉറപ്പിച്ച് കെട്ടിവെക്കുക.
* ഇടിമിന്നൽ സമയത്ത് കുളിക്കൽ, ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കൽ എന്നിവ ഒഴിവാക്കണം. പൈപ്പിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുണ്ട്.
* ജലാശയങ്ങളിൽ കുളിക്കലും മീൻപിടിത്തവും ബോട്ടിംഗും പൂർണമായും ഒഴിവാക്കണം. കാർമേഘങ്ങൾ കാണുന്ന സമയത്ത് തന്നെ മത്സ്യബന്ധനം നിർത്തിവെച്ച് കരയിലേക്ക് എത്തണം.
* പട്ടം പറത്തൽ ഒഴിവാക്കുക.
* ഇടിമിന്നലുള്ള സമയത്ത് ഉയരമുള്ള സ്ഥലങ്ങളിലും വൃക്ഷക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്.
* വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. സുരക്ഷിതമായി മാറ്റി കെട്ടണം.
* സുരക്ഷിത കെട്ടിടം ലഭ്യമല്ലെങ്കിൽ, പാദങ്ങൾ ചേർത്ത് തല മുട്ടുകൾക്കിടയിൽ ഒതുക്കി, പന്തുപോലെ ഇരിക്കുക.
* ഇടിമിന്നലേറ്റാൽ ശരീരത്തിൽ വൈദ്യുതി പ്രവാഹമില്ലെന്ന് കരുതി ഉടൻ പ്രാഥമിക ശുശ്രൂഷ നൽകണം. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാൻ നിർണായകമാണ്. ഉടൻ വൈദ്യസഹായം എത്തിക്കുക.
ജാഗ്രത പാലിക്കുക, സുരക്ഷ ഉറപ്പാക്കുക












Click it and Unblock the Notifications