വെയിൽ കൊള്ളാതെ സൂക്ഷിച്ചോളൂ; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, 36 ഡിഗ്രി വരെയാവും
തിരുവനന്തപുരം: വേനൽ അവസാനത്തോട് അടുക്കുമ്പോഴും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. കനത്ത ചൂടാണ് വിവിധ ഇടങ്ങളിൽ അനുഭവപ്പെടുന്നത്. താപനില ഉയരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട് നിലവിലുണ്ടാവുക.
ഈ ജില്ലകളിൽ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലും ഈ ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഇടയ്ക്ക് ആശ്വാസം പോലെ വേനൽമഴ എത്തിയെങ്കിലും വീണ്ടും പകൽ സമയത്തെ ചൂട് കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. രാവിലെ പതിനൊന്ന് മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള സമയമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇക്കാരണത്താൽ തന്നെ ഉച്ച സമയത്ത് പുറത്തിറങ്ങുമ്പോൾ ഉൾപ്പെടെ ജാഗ്രത പാലിക്കുന്നതാണ് നല്ലത്.
നിലവിലെ സാഹചര്യത്തിൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ കഠിനമായ വെയിലിനെ സൂക്ഷിക്കേണ്ടതുണ്ട്. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷികുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വേനൽ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. നാല് ജില്ലകളിലാണ് ഇന്ന് മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്കുള്ള മഞ്ഞ അലേര്‍ട്ട് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചില ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നു.
നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. എന്നാൽ മെയ് ഏഴാം തീയതി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ടാം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മെയ് ഒമ്പതിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ശക്തമായാൽ ചൂടിന് ശമനം ഉണ്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications