കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട്, ഇടിമിന്നൽ സൂക്ഷിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയും വൈദ്യുതി നിയന്ത്രണം കടുപ്പിക്കുകയും ചെയ്യുന്ന പാശ്ചാത്തലത്തിൽ ആശ്വാസമായി മഴയെത്തുന്നു. ഇന്ന് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടർച്ചയായി ഇന്നും കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
ഇന്ന് മൂന്ന് ജില്ലകളിലാണ് മഴ മുന്നറിയിപ്പുകൾ നിലവിലുള്ളത്, മൂന്നും വടക്കൻ ജില്ലകളിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിൽ ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ:
15/09/2026: മലപ്പുറം, കോഴിക്കോട്, വയനാട്
16/09/2026: ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 16/09/2026 വരെയുള്ള തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലുകളും വാതിലുകളും അടച്ചിടുക. വാതിലിനും ജനലിനും സമീപം നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ തുടരുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ ആരും കളിക്കുന്നത് ഒഴിവാക്കുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാനായി ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയും അരുത്. കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ സുരക്ഷിതമായി കെട്ടിവെക്കണം.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് തുടരുന്നത് താരതമ്യേന സുരക്ഷിതമാണ്. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നതുവരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. പൈപ്പുകളിലൂടെ മിന്നലുമായി ബന്ധപ്പെട്ട വൈദ്യുതി സഞ്ചരിക്കാനുള്ള സാധ്യതയുണ്ട്.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയങ്ങളിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. കാർമേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തിവച്ച് ഉടൻ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഈ സമയത്ത് നിർത്തിവയ്ക്കണം.
ഇടിമിന്നലുള്ള സമയത്ത് പട്ടം പറത്തുന്നത് ഒഴിവാക്കണം. ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പുകളിലോ ഇരിക്കുന്നത് അപകടകരമാണ്.
വളർത്തുമൃഗങ്ങളെ ഇടിമിന്നലുള്ള സമയത്ത് തുറസായ സ്ഥലത്ത് കെട്ടരുത്. മഴമേഘം കാണുന്ന സമയത്ത് അവയെ അഴിച്ചുവിടാനോ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിക്കെട്ടാനോ തുറസായ സ്ഥലത്തേക്ക് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ചുരുണ്ടിരിക്കുക.
ഇടിമിന്നലിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ കെട്ടിടങ്ങളുടെ മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്‌ടറും ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്തിൽ പൊള്ളലേൽക്കുകയോ കാഴ്‌ചയോ കേൾവിയോ നഷ്‌ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം തുടരുന്നില്ലെന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ വ്യക്തിക്ക് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക സമയമാണ്. മിന്നലേറ്റ വ്യക്തിക്ക് ഉടൻ വൈദ്യസഹായം ലഭ്യമാക്കണം.


Click it and Unblock the Notifications
