'തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കിയുള്ളവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്‌തു'; കെ മുരളീധരൻ
തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചനകളെ കുറിച്ച് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താമര ചിഹ്നത്തോടുള്ള കേരളത്തിന്റെ അലർജി മാറിയെന്നും തൃശൂരിൽ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്‌തുവെന്നും മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് ഒരു നാല് മാസം മുൻപ് രാജീവ് ചന്ദ്രശേഖർ വന്നിരുന്നേൽ അവസ്ഥ മാറിയേനെയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ബിജെപിയെ ഇനിയും എഴുതിതള്ളാൻ കഴിയില്ലെന്ന് സൂചനയാണ് മുരളീധരന്റെ വാക്കുകളിൽ ഉള്ളത്.

വയനാട്ടിലെ ക്യാമ്പിൽ നിന്ന് വിട്ടു നിൽക്കുന്നതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ക്യാമ്പിൽ ഉണ്ടാവില്ലെന്ന് താൻ നേരത്തെ അറിയിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും കോൺഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഈ കളി മതിയാവില്ലെന്ന് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേര്‍ന്നതെന്നും മുരളീധരൻ പറഞ്ഞു.
തീരുമാനം നടപ്പാക്കാൻ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവുമെന്നും ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണെന്നും മുൻ എംപി കൂടിയായ അദ്ദേഹം പറയുന്നു. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാൽ അങ്ങനെ ചെയ്യാമെന്നും തന്റെ നിലപാട് വ്യക്തമാക്കി.
തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായിട്ട് കൂടി കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജയം പ്രതീക്ഷിച്ചെത്തിയ മുരളിക്ക് പക്ഷേ സുരേഷ് ഗോപിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ഇതോടെ നേതൃത്വവുമായി അകൽച്ചയിലാണ് കെ മുരളീധരൻ. ഇതാണ് വയനാട്ടിലെ ക്യാമ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം എന്നാണ് അഭ്യൂഹങ്ങൾ.
അതേസമയം, വയനാട്ടിൽ നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ നിന്ന് കെ മുരളീധരൻ ഉൾപ്പെടെയുള്ള പ്രമുഖർ വിട്ടുനിൽക്കുമെന്ന് നേരത്തെ റിപോർട്ടുകൾ പുറത്തുവന്നിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും സുധീരനും ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ബത്തേരിയിൽ വച്ചായിരുന്നു യോഗം.
ഏറെ നിർണായകമായ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം നാളെയാണ് സമാപിക്കുക. കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻസി,എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവരെല്ലാം ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications