മേളപ്പെരുക്കവും ഓണക്കളികളുമായി കുരുന്നുകൾ; ബഹ്‌റൈനിൽ ആവേശമായി 'പിള്ളേരോണം'!
മനാമ: ആവേശമായി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'പിള്ളേരോണം'. ശ്രാവണം '26 ഓണാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുരുന്നുകളുടെ കലാവിരുന്നിനൊപ്പം സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും അവിസ്മരണീയ സംഗമവേദിയായി 'പിള്ളേരോണം' മാറി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ സോപാനം വാദ്യകലാസംഘത്തിലെ കുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ഓണപ്പാട്ട്, സ്കിറ്റ്, നൃത്തനൃത്യങ്ങൾ, ബാലവേഷം, നാടൻ കളികൾ തുടങ്ങി വിവിധ മത്സരങ്ങളും അരങ്ങേറി. 1200-ലേറെ ആളുകൾക്കായി ഓണസദ്യയും പരിപാടിയിൽ ഒരുക്കിയിരുന്നു. ശ്രാവണം '26-ന്റെ ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം കുറിച്ചുകൊണ്ടാണ് പിള്ളേരോണം സമാപിച്ചത്.

സമാജം ആക്ടിങ് പ്രസിഡന്റ് രവികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രാവണം '26 എക്സ്-ഓഫീഷ്യോ അംഗം രാജീവ് പി. മാത്യു സ്വാഗതവും പിള്ളേരോണം കൺവീനർ ബോണി ജോസ് നന്ദിയും രേഖപ്പെടുത്തി. ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ, സമാജം ഭരണസമിതി അംഗങ്ങളായ വിനയചന്ദ്രൻ നായർ, അഭിലാഷ് വെള്ളുകൈ, ബിനു കരുണാകരൻ, ശ്രാവണം കൺവീനർമാരായ ദിലീഷ് കുമാർ, രാജേഷ് കെ.പി, രാജേഷ് കേടോത്ത്, റിതിൻ തിലക്, പിള്ളേരോണം ജോയിന്റ് കൺവീനർമാരായ റെജി കുരുവിള, പ്രശോഭ് വേങ്ങന്നൂർ, നീതു സലീഷ്, ശ്രീദേവി സുബിൻ, വനിതാവേദി ജനറൽ സെക്രട്ടറി നിമ്മി റോഷൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സാരംഗി ശശിധർ, ജ്യോതിരാജ്, ശ്രീജിത്ത് ശ്രീകുമാർ എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.


Click it and Unblock the Notifications