'കിഫ്ബിയുടെ കഥ കഴിച്ചു, അടുത്ത ഊഴം കേരള ബാങ്കിന്റേത്', വിഡി സതീശൻ സർക്കാരിനെതിരെ തോമസ് ഐസക്

കിഫ്ബിക്ക് ശേഷം കേരള ബാങ്കിനെ തകർക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡോ. ടിഎം തോമസ് ഐസക്. റമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയിലേക്ക് മാറുന്നതിന് വിഡി സതീശൻ സർക്കാരിന്റെ മുന്നിലുളള വഴി എന്താണെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു. പത്ത് വർഷത്തെ വികസനം കുളം തോണ്ടുകയാണ് വിഡി സതീശൻ ചെയ്യുന്നത് എന്നും മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ''കിഫ്ബിയുടെ കഥ കഴിച്ചു. അടുത്ത ഊഴം കേരള ബാങ്കിന്റേതാണ്. അതത്ര എളുപ്പമാവില്ല. റിസർവ് ബാങ്ക് കൂടി കനിയണം. കേട്ടിടത്തോളം ഓരോ ദിവസവും നയം മാറ്റുന്നതിൽ റിസർവ് ബാങ്കിന് താല്പര്യമില്ല. എന്നാൽ മുഖ്യമന്ത്രി സതീശന് കേരള ബാങ്കിനെ വെടക്കാക്കാൻ വലിയ പ്രയാസമുണ്ടാവില്ല. കേരളത്തെ "റമിറ്റൻസ് ഇക്കോണമി"യിൽ നിന്ന് "ഇൻവെസ്റ്റ്മെൻ്റ് ഇക്കോണമി"യായി പരിവർത്തനം ചെയ്യുകയാണത്രേ യുഡിഎഫിന്റെ ലക്ഷ്യം. പക്ഷേ അതിനുള്ള ഏറ്റവും നല്ല രണ്ട് ഏജൻസികളെ തകർക്കാൻ അവിശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുകയാണ്. കേരള ബാങ്കിൻ്റെ കാര്യമെടുക്കാം.

രണ്ടുലക്ഷം കോടി രൂപയാണ് കേരളത്തിലേക്കുള്ള റമിറ്റൻസ്. ഇതിൽ നല്ലൊരു പങ്ക് നിക്ഷേപമായി മാറണമെങ്കിൽ രണ്ട് നിബന്ധനകളുണ്ട്. ഒന്ന്, ഈ തുകയിൽ നല്ലൊരു പങ്ക് കേരളത്തിൽ നിക്ഷേപം നടത്താൻ താല്പര്യമുള്ള ബാങ്കിൽ സമാഹരിക്കണം. രണ്ട്, ഈ ബാങ്കിന് നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായ-മേൽനോട്ടത്തിനും പ്രാപ്തിയുണ്ടാകണം.

KIIFB

ഇന്ന് രണ്ടുലക്ഷം കോടി രൂപയും വാണിജ്യബാങ്കുകളിലാണ് വരുന്നത്. അവർ അതിൽ സിംഹപങ്കും കേരളത്തിന് പുറത്തേയ്ക്ക് അയക്കുന്നു. ഈ സ്ഥിതി വിശേഷത്തിൽ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് സ്ഥാപിച്ചത്. പുതിയൊരു ഭീമൻ ബാങ്ക് സ്ഥാപിക്കുക വളരെ ശ്രമകരമാണ്. അതിൽ നമ്മുടെ നിയന്ത്രണം ഉറപ്പുവരുത്തുക ഏതാണ്ട് അസാധ്യവും. ഇതിനൊരു ഉപായമായിട്ടാണ് ജില്ലാസഹകരണ ബാങ്കുകളെ സംയോജിപിച്ച് കേരള ബാങ്കിന് രൂപം നൽകിയത്. ഇപ്പോൾ തന്നെ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കാണ്. സഹകരണബാങ്ക് ആയതിനാൽ നമ്മുടെ നിയന്ത്രണത്തിലുമാണ്.

ഇപ്പോൾ ഏതാണ്ട് 70,000 കോടി രൂപ ഡപ്പോസിറ്റുണ്ട്. പക്ഷേ വിദേശ മലയാളികളുടെ ഡപ്പോസിറ്റ് സ്വീകരിക്കുന്നതിന് അനുവാദമില്ല. ഇതിനുള്ള നിബന്ധനകൾ കർശനമാണ്. ഷെഡ്യൂൾഡ് ബാങ്ക് ആകണം. സഞ്ചിത നഷ്ടം പാടില്ല. സ്വന്തം മൂലധനം ഡപ്പോസിറ്റിന്റെ 10 ശതമാനമെങ്കിലും വേണം. ഷെഡ്യൂൾഡ് ബാങ്ക് ആയെങ്കിലും അവസാനം പറഞ്ഞ രണ്ടും ഇപ്പോഴും പാലിക്കാനായിട്ടില്ല.

'ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്ക, എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു', ഹൃദ്യമായ കുറിപ്പുമായി കണ്ണൻ സാഗർ
'ജീവിതത്തിലേക്ക് തിരികെ നടത്തിയ മമ്മൂക്ക, എന്റെ കണ്ണൊക്കെ ആകെ നിറഞ്ഞിരുന്നു', ഹൃദ്യമായ കുറിപ്പുമായി കണ്ണൻ സാഗർ

ഈ ലക്ഷ്യം നേടുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളുടെ പല കിട്ടാക്കടങ്ങളും സർക്കാർ ഏറ്റെടുത്തു. 400 കോടി രൂപ മൂലധനത്തിലേക്കു നൽകി. വിജയത്തിന്റെ തെല്ലടുത്തായിട്ടുണ്ട്. നെല്ല് സംഭരണത്തിനും മറ്റുമായി സർക്കാർ കൊടുക്കാനുള്ള പണം കൊടുത്തു തീർത്താൽ കേരള ബാങ്കിന് എൻ.ആർ.ഐ. ഡപ്പോസിറ്റ് സ്വീകരിക്കുന്നതിനുള്ള കടമ്പ കടക്കാം.

കേരള ബാങ്കിന്റെ ഇന്നത്തെ വായ്പാശേഷി 70,000 കോടി രൂപയാണ്. എൻആർഐ ഡെപ്പോസിറ്റ് സ്വീകരിക്കാൻ കഴിഞ്ഞാൽ ഇത് ഒന്നര-രണ്ട് ലക്ഷം കോടിയായി ഉയർത്താൻ പ്രയാസമുണ്ടാകില്ല. വിദേശ മലയാളികളുടെ കേരളത്തോടുള്ള അഭിമാനബോധം ഉണർത്തിയാൽ മാത്രം മതി. കേരള ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ മറ്റ് ബാങ്കുകളിലെ പലിശ ലഭിക്കും. റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബാങ്കെന്ന നിലയിൽ സുരക്ഷിതത്വത്തിനും കുറവുണ്ടാവുകയില്ല. കേരളത്തിലെ വികസനത്തിൽ പങ്കാളിയാകണമെങ്കിൽ അവർ ഒന്നു മാത്രം ചെയ്താൽ മതി, കേരള ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുക.

എന്നാൽ ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനുള്ള പ്രാപ്തി കേരളബാങ്ക് നേടണം. അത് ഒരു മാനേജ്മെന്റ് പ്രശ്നമാണ്. നമുക്ക് പരിഹരിക്കാൻ കഴിയുന്നതാണ്. പക്ഷേ അതിന് ശ്രമിക്കുന്നതിനു പകരം കേരള ബാങ്കിനെ തന്നെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുന്നത്. വെറുതെ വാചകമടിക്കല്ലേ മിസ്റ്റർ സതീശൻ. റമിറ്റൻസ് ഇക്കോണമിയിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയിലേക്ക് മാറുന്നതിന് നിങ്ങളുടെ ഉപായമെന്താണ്?

ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. പശ്ചാത്തല സൗകര്യവികസനത്തിന് കിഫ്ബി വഴിയുള്ള വിഭവസമാഹരണം. ആ സൗകര്യങ്ങളാൽ ആകർഷിക്കപ്പെടുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കാൻ കേരള ബാങ്ക്. വേണ്ടത്ര ഹോംവർക്കൊന്നും ചെയ്യാതെ വാചകമടിയിൽ അഭിരമിച്ച് വിഡി സതീശൻ ചെയ്യുന്നത് 10 വർഷംകൊണ്ട് തെളിയിച്ച വികസനപാത കുളം തോണ്ടുകയെന്നതാണ്. സംസ്ഥാനത്തിന്റെ ഭാവിയോട് ഇതിനപ്പുറം ഒരു പാതകം ചെയ്യാനില്ല''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma