'തെറ്റുപറ്റിയാൽ തിരുത്തുന്ന ഒരു മഹാരഥനും ഇവിടെയില്ല'; പിണറായിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമായിരുന്നു എംടിയുടെ വിമർശനം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോല്‍സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടി രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം വിമർശനാത്മകമായി സംസാരിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്‌ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് അദ്ദേഹം ശക്തമായ ഒളിയമ്പുകളാണ് തൊടുത്തുവിട്ടത്.

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആകാം. ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി കഴിഞ്ഞു. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ഒരു ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എംടി കൂട്ടിച്ചേർത്തു.
നയിക്കാൻ ഏതാനും പേരും, നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപത്തെ മാറ്റിയെടുക്കാൻ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിൽ ഒന്നും അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. സാഹിത്യകാരൻ കെ സച്ചിദാനന്ദൻ, നർത്തകി മല്ലികാ സാരാഭായ്, മന്ത്രി പിഎ മുഹമ്മദ് റിയാസ്, കോഴിക്കോട് മേയർ ബീന ഫിലിപ്പ് തുടങ്ങിയവരാണ് ചടങ്ങിൽ പങ്കെടുത്തത്.
യുനെസ്‌കോയുടെ 'സാഹിത്യ നഗരം' പദവി നേടിയതിന് ശേഷം കോഴിക്കോട് നടത്തുന്ന ആദ്യ ലിറ്ററേച്ചർ ഫെസ്‌റ്റിവൽ ആണിതെന്ന പ്രത്യേകത കൂടിയുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി എഴുത്തുകാരുടെ എണ്ണത്തിൽ വളരെ മുൻപിലായിരിക്കും ഇത്തവണത്തെ കെഎൽഎഫ്. യുകെ, വെയിൽസ്, സ്പെയിൻ, ജപ്പാൻ, യുഎസ്എ, മലേഷ്യ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് ഡിസി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications