'മുഖ്യമന്ത്രിയാവാൻ സഹായിച്ചില്ലെന്ന കാരണത്താൽ രമേശ് ചെന്നിത്തല തനിക്കെതിരെ നിന്നു'; കെഎം മാണിയുടെ ആത്മകഥ...
കോട്ടയം: ഏറെ വിവാദമായ ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് എം നേതാവുമായ കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞുവെന്നാണ് മാണിയുടെ ആത്മകഥയില്‍ പറയുന്നത്. കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.
കെഎം മാണി മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെഎം മാണി ഫൗണ്ടേഷൻ നൽകുന്ന വിശദീകരണം. ചടങ്ങിലേക്ക് ഒരു കോൺഗ്രസ് നേതാവിനെയും ക്ഷണിച്ചിട്ടില്ല. യുഡിഎഫിൽ നിന്നും പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് മാത്രമാണ് ക്ഷണമുള്ളത്.

അതേസമയം, ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ കോഴ കേസെന്നും പുസ്‌തകത്തിൽ പരാമർശിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എക്കാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലാണ് ആത്മകഥയിലെ രാഷ്ട്രീയ അധ്യായങ്ങളിൽ പ്രധാനമായും ഉള്ളത്. ബാര്‍ കോഴ ആരോപണത്തിലാവട്ടെ പേരെടുത്ത് പരാമര്‍ശിക്കുന്നത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്നു മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയാണ്.
രമേശിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നു. അതിന് താന്‍ വിലകല്‍പ്പിച്ചില്ല. ഇതോടെ ബാര്‍ കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ ഉപയോഗിച്ചു. ആരോപണം ഉണ്ടാവാന്‍ കാത്തിരുന്നത് പോലെയാണ് ചെന്നിത്തല പ്രവര്‍ത്തിച്ചതെന്നും, അടിയന്തരകാര്യം എന്നത് പോലെ തനിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചുവെന്നും മാണിയുടെ ആത്മകഥയിൽ ആരോപിക്കുന്നു.
താൻ ഇത്തിരി വെള്ളം കുടിക്കട്ടെ എന്ന് ചെന്നിത്തല മനസില്‍ കരുതിയിരിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിവാഹനടത്തിപ്പുകാരായി മാറിയെന്നും മാണി ആത്മകഥയിൽ കുറിച്ചിട്ടുണ്ട്.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നാണ് മാണി ആത്മകഥയില്‍ പറയുന്നത്. ആരോപണങ്ങളെ അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്‌ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നു എന്നും ആത്മകഥയിൽ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications