'എനിക്കെതിരെ കള്ളം പ്രചരിപ്പിച്ച് ഒരാള്‍ ജയിച്ചു'; ഉളുപ്പുണ്ടെങ്കില്‍ മാപ്പ് പറയണമെന്ന് കെഎം ഷാജി
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സക്കാത്ത് വിഹിതം നല്‍കരുതെന്ന് പറഞ്ഞത് മുതലാണ് താന്‍ കള്ളനും കുഴപ്പക്കാരനുമായതെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ഒരു റമദാനിലാണ് തനിക്കെതിരെ കേസെടുത്തതെന്നും മറ്റൊരു റമദാനില്‍ അതില്‍ നിന്നും വിടുതല്‍ നേടുന്നതും സന്തോഷകരമായ കാര്യമാണെന്നും കെ എം ഷാജി പറഞ്ഞു. അഴീക്കോട് മണ്ഡലത്തില്‍ തന്റെ പരാജയത്തിന് കാരണം ഈ കള്ളക്കേസാണെന്നും ഷാജി വ്യക്തമാക്കി.
ദുരിതാശ്വാസ നിധി പോലെ ഒട്ടും ക്രഡിബിളല്ലാത്ത നിധിയിലേക്ക് സകാത്ത് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. അന്ന് ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എടുത്തുവായിച്ചു. അവിടെ നിന്നാണ് ഈ കേസിന് തുടക്കം കുറിക്കുന്നത്. അന്ന് മുതലാണ് ഷാജി കുഴപ്പക്കാരനാകുന്നത്. സകാതിന്റെ പേരും പറഞ്ഞ് തുടങ്ങിയ പ്രശ്‌നത്തില്‍ എനിക്ക് വിടുതല്‍ കിട്ടുന്നത് ഒരു റമദാനിലാണ്. ദുരിതാശ്വാസ നിധി കുഴപ്പമാണെന്ന് ഞാന്‍ പറഞ്ഞു. അതിന്റെ കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഷാജി വ്യക്തമാക്കി.

ഈ കള്ളക്കേസുണ്ടാക്കിയത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുന്ന മണ്ഡലത്തില്‍ താന്‍ തോറ്റതിന് പിന്നില്‍ ഈ കള്ളക്കേസായിരുന്നു. എനിക്കെതിരെ കള്ളത്തരം പറഞ്ഞ് പ്രചരിപ്പിച്ച ആള്‍ ജയിക്കുകയും ചെയ്തു. അയാളുടെ വിജയത്തിലെ ധാര്‍മ്മികത സി പി എം പരിശോധിക്കണം. അയാളോട് രാജിവയ്ക്കാന്‍ പറയുന്നില്ല, ഉളുപ്പുണ്ടെങ്കില്‍ ഒരു മാപ്പെങ്കിലും പറയണമെന്ന് കെ എം ഷാജി പറഞ്ഞു.
തന്റെ കേസിലേക്ക് ഇ ഡിയെ വിളിച്ചു വരുത്തുകയാണ് വിജിലന്‍സ് ചെയ്തത്. മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്നു ഇ ഡി ഉദ്യോഗസ്ഥന്‍. തന്നെയും കുടുംബത്തെയും അന്വേഷണത്തിന്റെ പേരില്‍ വേട്ടയാടി. തനിക്ക് ഹൃദയാഘാതം ഉള്‍പ്പെടെ വന്നു. സൈബര്‍ ഗ്രൂപ്പുകളും മാധ്യമങ്ങളും വേട്ടയാടിയെന്നും ഷാജി പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു കെ എം ഷാജിക്കെതിരെ പ്ലസ്ടു കോഴക്കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറാണ് ഹൈക്കോടതി റദ്ദാക്കിയത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്നും കോഴ വാങ്ങി എന്നായിരുന്നു പരാതി. 2020ല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2013ല്‍ അഴീക്കോട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി പി എം നേതാന് കടുവന്‍ പത്മനാഭനാണ് പരാതി നല്‍കിയത്. കെ എം ഷാജിയെ പ്രതി ചേര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.












Click it and Unblock the Notifications