കൊച്ചി വിമാനത്താവളം കൂടുതൽ ഉയരങ്ങളിലേക്ക്; എയ്‌റോ പാർക്ക് വരുന്നു, ഒപ്പം തൊഴിലവസരങ്ങളും വരുമാനവും
കൊച്ചി: പല കാരണങ്ങൾ കൊണ്ട് രാജ്യത്തിനും ലോകത്തിനും തന്നെ മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഇവിടെ ഓരോഘട്ടത്തിലും കൃത്യമായ നവീകരണ പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കി വരുന്നുണ്ട്. ഇപ്പോഴിതാ സാധാരണ വ്യോമയാന പ്രവർത്തനങ്ങൾക്കപ്പുറം പ്രവർത്തക മണ്ഡലം വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സിയാൽ.
36 ഏക്കറിൽ ഒരുങ്ങുന്ന എയ്‌റോ പാർക്ക് ഫെബ്രുവരി 9-ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്യത്തിന് സമർപ്പിക്കുന്നതോടെയാണ് ഇത് സാധ്യമാവുക. സമഗ്രമായ ഒരു വ്യോമയാന ആവാസവ്യവസ്ഥ എന്ന നിലയിലാണ് എയ്‌റോ പാർക്ക് വികസിപ്പിച്ചിരിക്കുന്നത്. വിമാന ഹാംഗറുകൾ, പാർക്കിംഗ് ബേകൾ, പരിശീലന സൗകര്യങ്ങൾ, സാങ്കേതിക സേവന യൂണിറ്റുകൾ, ബിസിനസ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ക്യാമ്പസിൽ ഇത് ഒരുമിപ്പിക്കുന്നു.

'കൊച്ചി വിമാനത്താവളത്തിന്റെ ഒരു പ്രധാന പദ്ധതിയായ എയ്‌റോ പാർക്ക്, വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും, ഗണ്യമായ നികുതി വരുമാനം ഉണ്ടാക്കാനും, അതിവേഗം വളരുന്ന വ്യോമയാന മേഖലയ്ക്ക് ഭാവിയിലേക്ക് വേണ്ട കഴിവുകൾ കെട്ടിപ്പടുക്കാനും സഹായിക്കും' എന്നാണ് സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ് അഭിപ്രായപ്പെട്ടത്.
ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 101 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിൽ ആറ് പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിഐഎഎസ്എൽ ബിസിനസ് സെന്റർ. 30 കോടി രൂപ മുതൽമുടക്കിൽ 40,000 ചതുരശ്ര അടി വിസ്‌തീർണ്ണത്തിൽ ഒരുങ്ങുന്ന ഒരു പ്രീമിയം കോ-വർക്കിംഗ് കേന്ദ്രമാണിത്.
400-ലധികം പ്രൊഫഷണലുകൾക്കും ഏകദേശം 30 കമ്പനികൾക്കും ഒരേസമയം ഇവിടെ പ്രവർത്തിക്കാൻ ഇവിടെ സൗകര്യമുണ്ടാകും. ഇന്ത്യയിൽ, ഒരു വിമാനത്താവള കമ്പനി നേരിട്ട് പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില വ്യവസായ സൗകര്യങ്ങളിൽ ഒന്നാണ് ഈ ബിസിനസ് സെന്റർ എന്നതും ഇതിന്റെ വലിയൊരു പ്രത്യേകതയാണ്.
അതേസമയം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വമ്പൻ ആഗോള കമ്പനികളുമായി സഹകരിച്ച് വിപുലമായ ഹാംഗർ സൗകര്യങ്ങൾ ഇവിടെ ഒരുക്കുകയും ചെയ്യും. കാർഗോ കൈകാര്യം ചെയ്യുന്നതിൽ ദക്ഷിണേന്ത്യയിലെ പ്രധാന കേന്ദ്രമായി സിയാലിനെ മാറ്റുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്ന മറ്റൊരു നേട്ടം. ഒപ്പം വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ ഉൽപ്പന്നങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ ഇവിടെ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
മിഡിൽ ഈസ്‌റ്റിനും ഫാർ ഈസ്‌റ്റിനും ഇടയിലുള്ള പ്രധാന ട്രാൻസിറ്റ് പോയിന്റായി കൊച്ചിയെ മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ ഈ പ്രവർത്തനങ്ങൾ കൊച്ചി വിമാനത്താവളത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഒന്ന് കൂടി ഉയർത്തുകയും ശ്രദ്ധ പിടിച്ചുപറ്റാൻ സഹായകരമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതിനിടെ കൂടുതൽ വിപുലീകരണ പ്രവർത്തനങ്ങൾ വിമാനത്താവളവുമായി ബന്ധപ്പെട്ട് അണിയറയിലുണ്ട്. വിമാനത്താവളത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ടുള്ള മാസ്‌റ്റർ പ്ലാൻ ഉൾപ്പെടെയാണ് ഇത്. കൂടാതെ കൊച്ചി മെട്രോയും വാട്ടർ മെട്രോയും നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നത് യാഥാർത്ഥ്യമാകുന്നതോടെ ഇത് കൂടുതൽ ഗുണകരമാവും. നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷനും ഒരുങ്ങുന്നുണ്ട്.












Click it and Unblock the Notifications