കൊച്ചി വിമാനത്താവളം; കാർഗോ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നീക്കം, രണ്ടാം റൺവേയും പരിഗണനയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ചരക്ക് കൈകാര്യം ചെയ്യൽ, സംഭരണം, വിതരണ ശൃംഖല തുടങ്ങിയ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ തീരുമാനിച്ച് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്. ഇതിനായി അടുത്ത 25 വർഷത്തേക്കുള്ള പുതിയ മാസ്‌റ്റർ പ്ലാനിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഒരു പുതിയ തലമുറയിലെ കാർഗോ വില്ലേജ് സ്ഥാപിക്കാനാണ് പദ്ധതി.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യ, സുരക്ഷ, ചരക്ക് വിതരണത്തിലെ കാര്യക്ഷമത എന്നിവയ്ക്കായിരിക്കും പദ്ധതിയിൽ പ്രധാന പരിഗണന. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി ജേക്കബ്‌സ് സൊല്യൂഷൻസ് പ്രൈവറ്റ് സൊല്യൂഷൻ എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ വിമാനത്താവളത്തിന് ആവശ്യമായി വരാവുന്ന കാർഗോ സൗകര്യങ്ങൾ എന്തൊക്കെയാണെന്നും അവ എങ്ങനെ വികസിപ്പിക്കണമെന്നും കമ്പനി പഠിക്കും. മാസ്‌റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി 7.84 കോടി ചെലവാകും.

ഈ കൺസൾട്ടൻസി 10 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയിൽ ആഭ്യന്തര, അന്താരാഷ്ട്ര കാർഗോ സൗകര്യങ്ങൾ ഉൾപ്പെടും. വേഗത്തിൽ കേടാകുന്ന ഭക്ഷ്യവസ്‌തുക്കളും മറ്റ് ഉൽപ്പന്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പെരിഷബിൾ കാർഗോ സെന്ററും ബോണ്ടഡ് വെയർഹൗസുകളും സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
യാത്രാവിമാനങ്ങളിൽ കൊണ്ടുപോകുന്ന കാർഗോ, പ്രത്യേക ചരക്കുവിമാനങ്ങളുടെ പ്രവർത്തനം എന്നിവയും പദ്ധതിയിൽ പരിഗണിക്കും. ഭാവിയിൽ എത്രത്തോളം ചരക്ക് കൈകാര്യം ചെയ്യേണ്ടിവരുമെന്ന് കണക്കാക്കുന്നതിനൊപ്പം ഇറക്കുമതി, കയറ്റുമതി, ആഭ്യന്തര ചരക്ക് എന്നിവയുടെ വളർച്ചയും വിവിധ തരത്തിലുള്ള ചരക്കുകളുടെ ആവശ്യകതയും പരിശോധിക്കും.
കേരളത്തിലെ വിമാന കാർഗോയുടെ വലിയൊരു ഭാഗം ഇപ്പോൾ സിയാൽ ആണ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ വിമാന കാർഗോയുടെ ഏകദേശം 60 ശതമാനം സിയാൽ കൈകാര്യം ചെയ്യുന്നതായി മുഖ്യമന്ത്രി എക്‌സിൽ കുറിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ സിയാൽ കൈകാര്യം ചെയ്‌ത കാർഗോയുടെ മൂല്യം 29 ശതമാനം വർധിച്ച് 5,647.76 കോടിയായി.
രാജ്യത്തെ വിമാനത്താവളങ്ങളിൽ കാർഗോ മൂല്യത്തിന്റെ കാര്യത്തിൽ സിയാൽ ഏഴാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തെ ഒരു പ്രധാന വ്യാപാര-ലോജിസ്‌റ്റിക്‌സ് കേന്ദ്രമാക്കി മാറ്റുന്നതിനും കൊച്ചിയെ വിവിധ ഗതാഗത മാർഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന കാർഗോ കേന്ദ്രമാക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ മാസ്‌റ്റർ പ്ലാനിൽ രണ്ടാമത്തെ റൺവേ നിർമ്മിക്കേണ്ടതുണ്ടോ, അത് പ്രായോഗികമാണോ എന്നതും പരിശോധിക്കും. രണ്ടാമത്തെ റൺവേയ്ക്കൊപ്പം ആവശ്യമായ ടാക്‌സിവേകളും വിമാനങ്ങൾ നിർത്തുന്നതിനുള്ള ഏപ്രൺ സൗകര്യങ്ങളും പരിശോധിക്കും. നിലവിലുള്ള 09/27 റൺവേ 100 മുതൽ 150 മീറ്റർ വരെ നീട്ടാനാകുമോ എന്നും പ്രത്യേകം പരിശോധിക്കും.


Click it and Unblock the Notifications
